മറ്റൊരാൾ പ്രസംഗിക്കുമ്പോൾ അടുത്തിരിക്കുന്നയാൾ മറ്റേയാളിന്റെ മൈക്കിലൂടെ കേൾക്കുമാറ് വിളിച്ചുപറയുന്ന സംഗതി, അധികമൈക്കിന്റെ ആനുകൂല്യത്താൽ പുറത്തേക്ക് വമിക്കുന്നതാകയാൽ നിയമസഭയുടെ അനുവാദത്തോടെ 'അധികപ്രസംഗം"എന്ന് വിവക്ഷിക്കാവുന്നതാണ്. സഭ്യേതരം, വ്യക്തിഹത്യാ വകുപ്പുകളിൽപ്പെടുത്തി സഭാരേഖയിൽ നിന്ന് ഇതിനെ നീക്കുക അസാദ്ധ്യമെന്ന് സ്പീക്കർ പറയുന്നു. സ്പീക്കർ അനുവദിച്ച് പ്രസംഗിക്കുന്നതല്ലല്ലോ, സംഗതി. അതുകൊണ്ട് ലോകത്തുള്ള ഏത് ക്രമപ്രശ്നം കൊണ്ടും ഈയൊരു 'അസ്തിത്വപ്രതിസന്ധി" കഴുകിക്കളയാനാവില്ല, ഗോപിയേട്ടാ!
അതുകൊണ്ട് മാത്രം ഇന്നലെ മന്ത്രി ഇ.പി. ജയരാജനിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്ന 'അധികപ്രസംഗ"ത്തിലുള്ള രോഷവും സങ്കടവും നടുത്തളത്തിലിറങ്ങിയുള്ള അല്പനേരത്തെ ശൗര്യപ്രകടനം കൊണ്ടുമാത്രം കരഞ്ഞുതീർത്ത് അവർക്ക് തൃപ്തിപ്പെടേണ്ടി വന്നു.
പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തടസം നിൽക്കുന്നുവെന്നാരോപിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള അടിയന്തരപ്രമേയം. ഷാഫിയുടെ ചില പ്രതികരണങ്ങൾ മുഖ്യമന്ത്രി പിണറായിവിജയനെ രോഷാകുലനാക്കിയെന്ന് തോന്നി. വിടുവായത്തം പറഞ്ഞാൽ അതേറ്റെടുത്ത് മറുപടി പറയലല്ല തന്റെ ജോലിയെന്ന് മുഖ്യമന്ത്രി കടുപ്പിച്ചതും, പ്രതിപക്ഷബെഞ്ചുകളിൽ നിന്ന് ചില ഒച്ചപ്പാടുകളുയർന്നു.
പിന്നാലെ, 'ഇരിയെടാ, കള്ളറാസ്കൽ, എന്ത് പോക്രിത്തരവും ഇവിടെ പറ്റില്ല...' എന്നിങ്ങനെ കോപാവേശം അശരീരി പോലെ നുരഞ്ഞുപൊന്തി. ഓൺ ചെയ്തുവച്ച മുഖ്യമന്ത്രിയുടെ മൈക്കിലൂടെ അത് സഭാതലത്തിലേക്കൊഴുകിയെത്തി. അനിൽ അക്കരെയെയാണ് അശരീരി ഉന്നമിട്ടതെന്ന് തോന്നുന്നു. ആദ്യം ചാടിയിറങ്ങിയത് അദ്ദേഹമാണ്. ഭരണപക്ഷത്തെ നിലയവിദ്വാന്മാർ ടി.വി. രാജേഷിന്റെയും മറ്റും നേതൃത്വത്തിൽ മുന്നോട്ടോടിയെത്തി പ്രത്യാക്രമണത്തിന് തുനിഞ്ഞതോടെ രംഗം ശാന്തമാക്കാൻ സ്പീക്കർക്ക് ഇരിപ്പിടത്തിൽ നിന്നെഴുന്നേൽക്കേണ്ടി വന്നു. എഴുന്നേറ്റ മന്ത്രി ജയരാജനാണ് ഈ വിധം പ്രകോപനപരാമർശം നടത്തിയതെന്ന് വി.ഡി. സതീശൻ ക്രമപ്രശ്നമുന്നയിച്ചെങ്കിലും മുഖ്യമന്ത്രിക്കല്ലാതെ ആർക്കും മൈക്കനുവദിച്ചിട്ടില്ലെന്ന് സ്പീക്കർ നിസഹായനായി. മര്യാദകെട്ട വാക്കുകൾ പലരിൽ നിന്നുമുയരാറുണ്ടെന്നതിനാൽ എല്ലാവരും സ്വയം പരിശോധിക്കണമെന്ന താത്വികമായ ഉദ്ബോധനവും സ്പീക്കറിൽ നിന്നുണ്ടായി!
ആഭ്യന്തരമന്ത്രി പദവി ഡി.ജി.പി ബെഹ്റയിൽ നിന്ന് അങ്ങ് തിരിച്ചെടുക്കണമെന്ന് ഷാഫി പറമ്പിൽ സ്നേഹബുദ്ധ്യാ ഉപദേശിച്ചത് മുഖ്യമന്ത്രിക്ക് രുചിച്ചതേയില്ല. പെരിയ കൊലക്കേസിലെ ഗുണ്ടകൾക്ക് കേസ് നടത്താൻ വക്കീൽഫീസ് എ.കെ.ജി സെന്ററിൽ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് കൊടുക്കുന്നതെന്നാണ് ഷാഫി പറയുന്നത്. സർക്കാരിന്റെ കേസിൽ അപ്പീൽ പോകാൻ സർക്കാരിന് അവകാശമില്ലേയെന്നത് മുഖ്യമന്ത്രിയുടെ സ്വാഭാവികന്യായം.
വിടുവായന്മാർക്ക് സർക്കാർനിലപാട് അലോസരമാകുമെന്ന് തുടങ്ങി പലവട്ടം വിടുവായന്മാരെന്ന് വിശേഷിപ്പിച്ച് ജയരാജന് ശേഷം മുഖ്യമന്ത്രി വകയും പ്രതിപക്ഷത്തിന് 'പാരിതോഷികങ്ങളേറെ' കിട്ടി. വിടുവായത്ത പ്രയോഗം മുഖ്യമന്ത്രി ഉപയോഗിക്കാൻ പാടില്ലാത്തതാണെങ്കിലും അതങ്ങേയ്ക്ക് ഭൂഷണമായിരിക്കട്ടെയെന്ന് ഉപദേശിച്ച് സ്വയമാശ്വസിച്ച പ്രതിപക്ഷനേതാവ് തികഞ്ഞ സാത്വികഭാവത്തിലായിരുന്നു.
സംസ്ഥാന ഭരണത്തലവന്മാർ, മന്ത്രിമാർ, ആസ്ഥാന ഉദ്യോഗസ്ഥർ, നീതിന്യായനിർവഹണം എന്നിങ്ങനെ മുഖ്യമന്ത്രിയുടെ വകുപ്പുകളിലെ ധനാഭ്യർത്ഥനചർച്ചയായിരുന്നു ഇന്നലെ. സി.എ.ജി റിപ്പോർട്ടിന്റെ പേരിൽ ചില വെടിക്കെട്ടിന് ശ്രമിച്ചിട്ട് ചീറ്റിപ്പോയ പ്രതിപക്ഷത്തെയോർത്ത് എസ്.ശർമ്മ പരിതപിച്ചു.
തന്റെ പേരിന് നേരെ സംശയാലുവെന്ന് കുറിക്കാൻ ഒരു ക്ലാർക്കിനും അധികാരമില്ലെന്ന് വികാരഭരിതനായത് പൗരത്വവിഷയം ഓർമ്മിപ്പിക്കവേ ടി.എ. അഹമ്മദ് കബീറാണ്.