ബാലരാമപുരം: രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ നടക്കുന്ന കരമന - കളിയിക്കാവിള ദേശീയപാതയിലെ മുടവൂർപ്പാറ ശ്രീനാരായണഗുരുദേവമന്ദിരം മാറ്റി സ്ഥാപിക്കാൻ സർക്കാർ സ്ഥലം അനുവദിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം. വർഷങ്ങളായി ചതയദിനാഘോഷം, സമാധിദിനാചരണം, ആത്മീയപ്രഭാഷണം, ഗുരുഅനുഷ്ഠാന ചടങ്ങുകൾ, പ്രാർത്ഥന തുടങ്ങിയവ നടന്നുവരുന്ന ഗുരുമന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലം ദേശീയപാതക്കായി ഏറ്റെടുത്തതോടെ ഭക്തരുടെ ആരാധനാസ്വാതന്ത്ര്യം വെല്ലുവിളിയായിമാറി. 1976 ൽ സ്വകാര്യവ്യക്തി വിട്ടുനൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് ഗുരുഭക്തർ ചേർന്ന് മന്ദിരം നിർമ്മിച്ചതെന്ന് ശാഖാ ഭാരവാഹികൾ വ്യക്തമാക്കി. എന്നാൽ ഗുരുമന്ദിരം പുറമ്പോക്ക് ഭൂമിയിലാണ് നിലകൊള്ളുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥർ വിധി എഴുതിയതോടെ ഗുരുമന്ദിരത്തിന് സ്ഥലവും നഷ്ടപരിഹാരവും സർക്കാർ അനുവദിക്കാതെയായി. ഒരു വർഷം മുമ്പ് മുടവൂർപ്പാറ ഗുരുമന്ദിരത്തിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എം. വിൻസെന്റ് എം.എൽ.എ മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും ശുപാർശ കത്ത് കൈമാറിയെങ്കിലും സർക്കാർ അവഗണിച്ചു. ഐ.ബി. സതീഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് യു.എൽ.സി.സി.എസ് കരാർ കമ്പനിയിൽ മൂന്ന് ലക്ഷം രൂപ താത്കാലികമായി ഗുരുമന്ദിരത്തിന്റെ നിർമ്മാണത്തിനായി അനുവദിച്ചെങ്കിലും സ്ഥലത്തിനും കെട്ടിടത്തിനുമായി 25 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ശാഖാകമ്മിറ്റി അറിയിച്ചിരിക്കുന്നത്. ഒന്നാംഘട്ട റോഡ് വികസന സമയത്ത് കൈമനത്തെ ആരാധാനാലയം പ്രത്യേക കേസായി പരിഗണിച്ച് സ്ഥലം അനുവദിച്ചത് പോലെ നവോത്ഥാന നായകന്റെ ഗുരുമന്ദിരവും പണിയാനും സർക്കാർ സ്ഥലം അനുവദിക്കണമെന്നാണ് ഗുരുഭക്തരുടെയും ശാഖയുടെയും ആവശ്യം.
ജാതിമതഭേദമന്യേ കഴിഞ്ഞ നാൽപത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഈ പ്രാർത്ഥനാമണ്ഡപമാണിത്. ഗുരുഭക്തരുടെ വികാരം മാനിച്ച് മുടവൂർപ്പാറ ഗുരുമന്ദിരം മാറ്റി സ്ഥാപിക്കാൻ റവന്യൂ, മുഖ്യമന്ത്രി എന്നിവർ അടിയന്തരമായി ഇടപെടണം.
അരുവിപ്പുറം സുരേന്ദ്രൻ,
മുടവൂർപ്പാറ ശാഖ രക്ഷാധികാരി, മുൻ പ്രസിഡന്റ്
എല്ലാ ആരാധനാലായങ്ങൾക്കും സർക്കാർ തുല്യനീതി ഉറപ്പാക്കണം. മുടവൂർപ്പാറ ശ്രീനാരായണഗുരുദേവ മന്ദിരം മാറ്റി സ്ഥാപിക്കാൻ അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.
പാട്ടത്തിൽ രഞ്ചിൻ,
പഞ്ചായത്ത് കമ്മിറ്റിയംഗം
എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ