kt-jaleel

തിരുവനന്തപുരം: കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിയമവിധേയമാക്കാനുള്ള ബിൽ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമപരമായ എല്ലാ നടപടികളുമെടുക്കും. ഇതിനായി ബിൽ കൊണ്ടുവരുന്നതായി ഹൈക്കോടതിയെ അറിയിക്കും. സംഘടിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനാപരമാണ്. വിദ്യാർത്ഥികൾക്ക് സംഘടന രൂപീകരിച്ച് പ്രവർത്തിക്കാനുള്ള അവകാശമുണ്ട്. പൊതുപ്രവർത്തനത്തിലൂടെ വളർന്നു വരുന്നവരാണ് രാജ്യം നയിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് സാമൂഹ്യ, സംഘടനാ ബോധമില്ലെങ്കിൽ അരാഷ്ട്രീയ വാദികളെ പടച്ചുവിടുന്ന സ്ഥലമായി കാമ്പസ് മാറും. വിദ്യാർത്ഥി സംഘടനകൾ ദുർബലമായാൽ കാമ്പസുകളിൽ മാഫിയകളും ലഹരി- മദ്യ സംഘങ്ങളും വർഗീയ, തവ്രവാദി സംഘടനകളും പിടിമുറുക്കും. ഇത് ഇല്ലാതാക്കാൻ നിയമാനുസൃതം വിദ്യാർത്ഥി സംഘടനാ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം തടഞ്ഞ ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് സർക്കാർ നിയമോപദേശം തേടും. തലവേദനയ്ക്ക് പരിഹാരം തല വെട്ടിമാറ്റുന്നതാണെന്ന് സർക്കാർ കരുതുന്നില്ലെന്നും ബിൽ വരുന്നതോടെ സംഘടന രൂപീകരിച്ച് പ്രവർത്തിക്കാനും അക്കാഡമിക് കാര്യങ്ങളിലടക്കം ഇടപെടാനും വിദ്യാർത്ഥികൾക്ക് അവകാശമുണ്ടാകുമെന്നും എം.സ്വരാജ്, വി.ടി.ബൽറാം എന്നിവരുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.