hospital

കിളിമാനൂർ: ആരോഗ്യ രംഗത്ത് പുല‌‌ർത്തുന്ന മികവിലൂടെ സംസ്ഥാനത്ത് മാതൃകയാവുകയാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ "സഞ്ജീവനി " യൂണിറ്റിനാണ് ഈ വർഷത്തെ "അരികെ" ജില്ലാതല സാന്ത്വന പരിചരണ പുരസ്കാരവും, മികച്ച നഴ്സിനുള്ള രണ്ടാം സ്ഥാനവും ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെയും ഉത്തർ പ്രദേശ് സർക്കാരിന്റെയും കീഴിലുള്ള ആരോഗ്യപ്രവർത്തക പ്രതിനിധികൾ മികച്ച ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ചു.

ഗുരുതര രോഗങ്ങൾ ബാധിച്ച അശരണർക്ക് അടുത്തെത്തി പരിചരണവും ചികിത്സയും നൽകുന്നതാണ് സ‌ഞ്ജീവനി യൂണിറ്റിന്റെ പ്രവർത്തനം. പഞ്ചായത്തിലെ മുഴുവൻ രോഗികൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഒരു ആംബുലൻസ് അനുവദിച്ചു. നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ്, കൂടാതെ രണ്ട് ജീവനക്കാരെയും ബ്ലോക്ക് പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് നിയമിച്ചു. കാൻസർ,വൃക്ക രോഗം തുടങ്ങിയ അസുഖങ്ങൾക്കുള്ള വില കൂടിയ മരുന്നുകൾ സൗജന്യമായി നൽകുന്നു. സഞ്ജീവനിയുടെ പ്രവർത്തനം കിടപ്പു രോഗികൾക്കും, വൃദ്ധർക്കും, മാരക രോഗങ്ങൾ മൂലം പുറത്തിറങ്ങാൻ പറ്റാത്തവർക്കും വലിയ ആശ്വാസമാണ്.