periya-case

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ അപ്പീൽ നൽകുന്നതിന് ചെലവായ തുക സർക്കാർ ഖജനാവിൽ നിന്ന് കൊടുക്കുമെന്നും, ആവശ്യമെങ്കിൽ ഇനിയും കാശ് കൊടുക്കുമെന്നും മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ രാജ്യത്തെ പ്രമുഖ അഭിഭാഷകർക്ക് സർക്കാർ ഖജനാവിൽ നിന്നു കോടികൾ കൊടുത്തെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പെരിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ സർക്കാരിനു വിയോജിപ്പുള്ളതിനാൽ അപ്പീൽ പോയി. അപ്പീലിന് ആവശ്യമായ വക്കീലൻമാരെ ഇനിയും കൊണ്ടുവരും. നിയമസംഹിതയനുസരിച്ചുള്ള നടപടിയാണ് സ്വീകരിച്ചത്. മുഖ്യമന്ത്റിയോ ബന്ധപ്പെട്ട വകുപ്പുകളോ ഒപ്പിട്ടു നൽകുന്ന ഫയലുകളിൽ എ.കെ.ജി സെന്ററിൽ നിന്നാണോ കാശു കൊടുക്കേണ്ടത്? താൻ പാർട്ടിയുടെ ചുമതലയിൽ ഉണ്ടായിരുന്നപ്പോൾ എ.കെ.ജി സെന്ററിൽ നിന്നു കാശു കൊടുക്കേണ്ടവർക്കു കൊടുത്തിട്ടുണ്ട്. അപ്പീൽ ഹർജിയിൽ തീരുമാനം വന്ന ശേഷമേ തുടർ നടപടി സ്വീകരിക്കൂവെന്നും, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സി.ബി.ഐക്കു നൽകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്റി മറുപടി നൽകി.

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ, പ്രതിപക്ഷം വാക്കൗട്ട് നടത്തി. സർക്കാരും പ്രോസിക്യൂഷനും പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊലപാതകം കഴിഞ്ഞ് പ്രതികൾ പാർട്ടി ഓഫീസിലേക്കാണു പോയത്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഏരിയാ സെക്രട്ടറിയാണു സൂക്ഷിച്ചത്. സി.ബി.ഐ അന്വേഷിച്ചാൽ ഉന്നത നേതാക്കളടക്കം കുടുങ്ങുമെന്നാണ് സർക്കാരിന് ഭയം. കൈയിൽ ചോരയുടെ കറയില്ലെങ്കിൽ എന്തിനാണ് പേടി ?- ചെന്നിത്തല ചോദിച്ചു.