തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ഉയർത്തിയ വാക്കേറ്റവും പരിധി വിട്ട പദപ്രയോഗങ്ങളും നിയമസഭയിൽ ഇന്നലെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
കേസിൽ അപ്പീൽ പോകാനുള്ള സർക്കാർ നിലപാട് വിടുവായന്മാർക്ക് അലോസരമുണ്ടാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയുടെ മൈക്കിലൂടെ മന്ത്രി ഇ.പി.ജയരാജൻ ''ഇരിക്കെടാ അവിടെ, ,പോക്രിത്തരം പറയരുത് '' എന്ന് പരാമർശം നടത്തിയതോടെ സഭ ഇളകിമറിഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുഖാമുഖം നിന്ന് വിരൽ ചൂണ്ടി പരസ്പരം പോർ വിളിച്ചു. സ്പീക്കർ എഴുന്നേറ്റ് നിന്ന് പലവട്ടം ആവശ്യപ്പെട്ടപ്പോഴാണ് ഇരുവിഭാഗവും സീറ്റുകളിലേക്ക് മടങ്ങിയത്. അംഗങ്ങൾ മര്യാദകെട്ട വാക്കുകൾ ഉപയോഗിക്കരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം വാക്കൗട്ടിലാണ് കലാശിച്ചത്.
മുഖ്യമന്ത്രിയെ ഉന്നം
വച്ച് ഷാഫി
പെരിയയിൽ യൂത്ത്കോൺഗ്രസുകാരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിടാനുള്ള ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസിലെ ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. അപ്പീൽ വാദിക്കാൻ മുൻ സോളിസിറ്റർ ജനറൽ അടക്കം പ്രമുഖ അഭിഭാഷകരെ ഖജനാവിലെ ലക്ഷങ്ങൾ മുടക്കി കൊണ്ടുവന്നു. വെട്ടേറ്റു മരിച്ച മകനെ വെള്ള പുതപ്പിക്കാനും ചന്ദനത്തിരിയും എണ്ണയും വാങ്ങാനും മാതാപിതാക്കൾ മുടക്കിയ പണത്തിന്റെ നികുതി ഉപയോഗിച്ച് സർക്കാർ തന്നിഷ്ടം കാട്ടുകയാണ്. എ.കെ.ജി സെന്ററിൽ നിന്നാണ് നേരത്തേ പാർട്ടിക്കാരായ പ്രതികളുടെ ചെലവ് വഹിച്ചിരുന്നതെങ്കിൽ, ഇപ്പോൾ സർക്കാർ നേരിട്ട് പണം കൊടുക്കുന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ ന്യായീകരണ തൊഴിലാളിയായി മാറിയ മുഖ്യമന്ത്രി, ബെഹ്റയിൽ നിന്ന് ആഭ്യന്തര വകുപ്പ് തിരിച്ചെടുക്കണമെന്ന ഷാഫിയുടെ പരാമർശം ഭരണപക്ഷത്തെ ചൊടിപ്പിച്ചു.
'ഏതെങ്കിലുമൊരാൾ വിടുവായത്തം പറഞ്ഞാൽ, അതു സഭ്യേതരമാകില്ലെ'ന്ന മുഖ്യമന്ത്റിയുടെ മറുപടിയും ബഹളത്തിന് വഴിവച്ചു. പ്രതിപക്ഷത്തെ വി.ഡി. സതീശനും അനിൽ അക്കരയും കെ.എം. ഷാജിയും അടക്കമുള്ളവർ നടുത്തളത്തിലേക്ക് നീങ്ങി. ഇതിനിടെയായിരുന്നു മുഖ്യമന്ത്റിയുടെ മൈക്കിലൂടെ, തൊട്ടടുത്തിരുന്ന മന്ത്റി ഇ.പി. ജയരാജന്റെ താക്കീത്.,. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷവും മുൻനിരയിലെത്തിയ ഭരണപക്ഷവും തമ്മിൽ വാക്കേറ്റവും പോർവിളിയുമായി. ബഹളം ശമിച്ച ശേഷം പ്രസംഗം തുടർന്ന മുഖ്യമന്ത്രി, വിടുവായത്ത പ്രയോഗം ആവർത്തിച്ചു. വിടുവായത്ത പ്രയോഗം മുഖ്യമന്ത്രിക്ക് ഭൂഷണമാകട്ടെയെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അടുത്ത റൗണ്ട് ബഹളം
എ.കെ.ജി സെന്ററിനെച്ചൊല്ലി
എ.കെ.ജി സെന്ററിൽ നിന്ന് തിട്ടൂരം നൽകുന്നത് പോലെയാണ് നിയമസഭയിലെ മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്ന് ലീഗിലെ എം.കെ.മുനീർ പറഞ്ഞതാണ് അടുത്തറൗണ്ട് ബഹളത്തിനിടയാക്കിയത്. ജനങ്ങളാൽ തിരഞ്ഞെടുത്ത് സഭയിലെത്തിയവരോട് ധാർഷ്‌ട്യം കാട്ടിയാൽ കൈയും കെട്ടി നോക്കിനിൽക്കില്ല. എ.കെ.ജി സെന്ററിലാണോ നിൽക്കുന്നതെന്ന് തോന്നിപ്പോയെന്നും മുനീർ പറഞ്ഞു. ലീഗ് ഹൗസല്ല എ.കെ.ജി സെന്ററെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ലീഗ്ഹൗസിലെ അനുഭവം വച്ച് മുനീർ സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
. 'ഇരിക്കെടാ അവിടെ, കള്ള റാസ്‌കൽ നീ ആരാടാ, പോക്രിത്തരം പറയരുത് എന്ന സഭ്യേതരമായ പ്രയോഗം മുഖ്യമന്ത്രിയുടെ മൈക്കിലൂടെ മന്ത്രി ഇ.പി നടത്തിയതെന്ന്
വി.ഡി.സതീശൻ ആരോപിച്ചു. ജയരാജൻ അത് നിഷേധിച്ചില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ അത് മാത്രമാണ് രേഖയിലുണ്ടാവുകയെന്നായിരുന്നു സ്പീക്കറുടെ മറുപടി.