ബാലരാമപുരം: കള്ളിക്കാട് കുന്നിൽ മഹാദേവക്ഷേത്രം റവന്യൂ ഭൂമി ആണെന്ന് കള്ളക്കഥ ചമച്ച് പൊലീസ് നാഗപ്രതിഷ്ഠ പൊളിച്ചുമാറ്റുകയും നാമജപം നടത്തിയ ഭക്തർക്കെതിരെ കേസ് എടുക്കുകയും ചെയ്തുവെന്നാരോപിച്ച് ബി.ജെ.പി കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലരാമപുരം സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാനകമ്മിറ്റിയംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോവളം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ്മോഹൻ, മണ്ഡലം സെക്രട്ടറിമാരായ എ. ശ്രീകണ്ഠൻ, എം.എസ്. ഷിബുകുമാർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ പുന്നക്കാട് ബിജു, അനിൽരാജ് തുടങ്ങിയവർ പങ്കെടുത്തു. പാർട്ടികാര്യാലയത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സി.ഐ ഓഫീസിനു മുന്നിൽ പ്രതിഷേധയോഗം നടത്തി പിരിഞ്ഞുപോവുകയായിരുന്നു.