തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാ സംരംഭകത്വ അവാർഡുകൾക്ക്
ശ്രുതി ഷിബുലാൽ, പൂർണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവർ അർഹരായി. മാർച്ച് ഏഴിന് വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
വൻകിട ഹോട്ടൽ വ്യവസായ രംഗത്ത് സ്വന്തം ബ്രാൻഡുണ്ടാക്കി വിജയം കൈവരിച്ച യുവ സംരംഭകയാണ് ശ്രുതി ഷിബുലാൽ. ഹോസ്‌പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാൻഡായ താമരലെഷർ എക്‌സ്‌പീരിയൻസിന്റെ സ്ഥാപകയും സി.ഇ.ഒ.യുമാണ്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മകളാണ് ശ്രുതി.
സിനിമാ താരം, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ നിന്നും സംരംഭയായി മാറിയ വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. 2013ൽ പൂർണിമ സ്ഥാപിച്ച 'പ്രാണ" എന്ന സ്ഥാപനം കുറഞ്ഞ നാൾകൊണ്ട് ഏറെ ശ്രദ്ധേയമായി. ഇന്ത്യൻ, പാശ്ചാത്യ ട്രെൻഡിനോടൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചു. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാൻ ' സേവ് ദി ലൂം" എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തിച്ചു.
1986ൽ ഒരു തയ്യൽ മെഷീനും ഒരു തയ്യൽക്കാരനെയും ഉപയോഗിച്ച് ഷീല ആരംഭിച്ച ചെറിയ സംരംഭമാണ് ഇപ്പോൾ 'സറീന ബൂട്ടീക്ക്" എന്ന പേരിൽ വൻകിട സ്ഥാപമായി മാറിയത്. വിവിധ തലമുറയിൽപ്പെട്ട സ്ത്രീകളുടെ ഫാഷൻ സ്വപ്നങ്ങൾ നിറവേറ്റുകയാണ് സെറീന. അടുത്തിടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തി.