ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം കൊടിനടക്ക് സമീപവും നെയ്യാറ്റിൻകര ആലുംമൂട്ടിലും മാംസാവശിഷ്ടം ചാക്കിൽകെട്ടി റോഡിൽ ഉപേക്ഷിച്ചവർക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് രണ്ടിടത്തും കോഴിവേസ്റ്റ് ഉൾപ്പെടെയുളള മാംസാവശിഷ്ടം റോഡിൽ കാണപ്പെട്ടത്. ബാലരാമപുരം സി.ഐ ജി.ബിനുവിന്റെ നേത്യത്വത്തിലുളള പൊലീസ് സംഘം ബാലരാമപുരത്തെ സി.സിടിവി കാമറകൾ പരിശോധിച്ചെങ്കിലും മാലിന്യം തള്ളിയവരെ കുറിച്ച് വിശദമായ വിവരം ലഭ്യമായിട്ടില്ല. ഗുഡ്സ് ഓട്ടോറിക്ഷയും രാത്രിയോടെ കടന്നുപോയ വാഹനങ്ങളെയും പരിസരപ്രദേശങ്ങളിലെ സി.സിടിവി ദൃശ്യം വഴി പൊലീസ് പരിശോധിച്ചു വരികയാണ്. സാമൂഹ്യവിരുദ്ധരെ എത്രയും വേഗം പിടികൂടി അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ആലുംമൂട്ടിലെ കടകൾക്ക് മുൻപിലായി കോഴി വേസ്റ്റ് കൊണ്ടിട്ടവരെ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര ടൗൺ യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, ജനറൽ സെക്രട്ടറി ആന്റണി അലൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനത്തിൽ ഇവിടത്തെ കടകൾക്ക് മുൻപിലായി കോഴിവേസ്റ്റ് കൊണ്ടു തള്ളിയതിന്റെ സി.സിടിവി കാമറാദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.