അമേരിക്കയിലെ മിസിസിപ്പിയിലെ യാസൂ കൗണ്ടിയിലെ ഗ്ലെൻവുഡ് സെമിത്തേരി... വർഷങ്ങൾ പഴക്കമുള്ള ഈ സെമിത്തേരിയിൽ ഒരു കല്ലറയ്‌ക്ക് ചുറ്റും ചങ്ങലകൾ കാണാം. ' ദ വിച്ച്സ് ഗ്രേവ് ' എന്നാണ് ഈ കല്ലറയുടെ പേര്. 18ാം നൂറ്റാണ്ടിൽ യാസൂവിൽ ജീവിച്ചിരുന്ന ഒരു മന്ത്രവാദിനിയുടേതാണ് ഈ കല്ലറയെന്നാണ് പറയപ്പെടുന്നത്. പക്ഷേ, എന്തുകൊണ്ട് ഈ മന്ത്രവാദിനിയുടെ കല്ലറമാത്രം ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നു..? ഇതിനു പിന്നിൽ ഒരു കഥയുണ്ട്. യാസൂ നദിക്കരയിൽ ജീവിച്ചിരുന്ന ഈ മന്ത്രവാദിനി നദിയിലെ മീൻപിടിത്തക്കാരെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഒരിക്കൽ രണ്ട് പേരുടെ മൃതദേഹങ്ങൾ മന്ത്രവാദിനിയുടെ വീട്ടിൽ കണ്ടെത്തിയത്രെ. അധികൃതർ മന്ത്രവാദിനിയെ പിടികൂടാനെത്തി. രക്ഷപ്പെടാൻ ശ്രമിക്കവെ മന്ത്രവാദിനി അബദ്ധത്തിൽ ഒരു ചതുപ്പിലേക്ക് വീണു. ചതുപ്പിൽ മുങ്ങിത്താഴുന്നതിനിടെ, 20 വർഷം കഴിയുമ്പോൾ താൻ മടങ്ങി വരുമെന്നും, അന്ന് യാസൂ നഗരത്തെ ചുട്ടുകരിക്കുമെന്നും മന്ത്രവാദിനി ശപിച്ചിരുന്നു. മന്ത്രവാദിനിയെ ഗ്ലെൻവുഡ് സെമിത്തേരിയിൽ അടക്കം ചെയ്ത് കല്ലറയെ ചങ്ങലകളാൽ ബന്ധിച്ചു.
വർഷങ്ങൾ കഴിഞ്ഞ് 1904ൽ മന്ത്രവാദിനി പറഞ്ഞത് പോലെ യാസൂ നഗരത്തിൽ വൻ അഗ്നിബാധയുണ്ടായി. ദുർമരണപ്പെട്ട മന്ത്രവാദിനിയുടെ പ്രതികാരമാണ് അഗ്നിബാധയെന്ന് യാസൂ നിവാസികൾ കരുതി. തീപിടിത്തത്തിന്റെ കാരണം ആർക്കും കൃത്യമായി അറിയില്ലെങ്കിലും ഒരു ബാലൻ തീയിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിനു തീപിടിക്കുകയും തൊട്ടടുത്ത കുടിലുകളിലേക്ക് വ്യാപിക്കുകയുമായിരുന്നു എന്ന് പറയുന്നുണ്ട്. യാസൂ നഗരത്തിന്റെ നാലിൽ മൂന്ന് ഭാഗം കത്തിനശിച്ചു. 200 വീടുകൾ ഉൾപ്പെടെ ആകെ 324 കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്. രണ്ട് വർഷമെടുത്താണ് യാസൂ നഗരം വീണ്ടും പഴയ ഗതിയിലേക്ക് മടങ്ങിയെത്തിയത്. അഗ്നി ബാധയുണ്ടായ പിറ്റേദിവസം ഗ്ലെൻവുഡ് സെമിത്തേരിയിലെത്തിയ ചിലർ കണ്ടത് മന്ത്രവാദിനിയുടെ കല്ലറയ്ക്ക് ചുറ്റുമുള്ള ചങ്ങല പൊട്ടിക്കിടക്കുന്നതാണ്. കല്ലറയ്ക്ക് ചുറ്റും ചങ്ങലകൾ പുനഃസ്ഥാപിച്ചു. ചങ്ങലകൾ പൊട്ടുകയാണെങ്കിൽ യാസൂ നഗരം വീണ്ടും അഗ്നിക്കിരയാകുമെന്നാണ് അന്നുമുതൽ ഇവിടത്തെ നാട്ടുകാർക്കിടയിലുള്ള വിശ്വാസം.