സബ്സിഡി വിൽപ്പന തുടരും
നെൽ കർഷകരുടെ ജപ്തി ഭീഷണി അകന്നു
തിരുവനന്തപുരം: സപ്ലൈകോയ്ക്ക് അടിയന്തരമായി 315 കോടി രൂപ അനുവദിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. ഇതിൽ 127 കോടി രൂപ സബ്സിഡി സാധനങ്ങൾക്ക് നൽകാനുള്ള പണവും 188 കോടി രൂപ നെല്ല് സംഭരിച്ച വകയിലുമാണ്. സപ്ളൈകോയ്ക്കും കർഷകർക്കും ആശ്വാസമാണിത്.
സബ്സിഡി സാധനങ്ങൾ വിറ്റ വകയിൽ സർക്കാർ പണം കിട്ടാതായതോടെ സപ്ളൈകോ പ്രതിസന്ധിയിലായിരുന്നു. നെല്ല് സംഭരിച്ചതിന്റെ പണം സപ്ലൈകോ ബാങ്കുകളിൽ അടയ്‌ക്കാതായതോടെ നെൽകർഷകർക്ക് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. മില്ലുടമകൾക്കും സപ്ലൈകോ കുടിശിക വരുത്തിയിരുന്നു.
പണം കിട്ടുമെന്നായതോടെ, മുടങ്ങിയ സബ്സിഡി സാധന വിൽപ്പന സാധാരണ നിലയിലാക്കും. നെല്ല് സംഭരിച്ചതിന്റെ പണം ബാങ്കുകളിൽ അടയ്ക്കും. നെല്ല് സംഭരണം പുനരാരംഭിക്കും.
സർക്കാർ സഹായം നിലച്ചതോടെ, സബ്സിഡി വില്പന സപ്ലൈകോ നിറുത്തുമെന്ന് ചൂണ്ടിക്കാട്ടിയും കർഷകരുടെ ദുരിതം വിവരിച്ചും തിങ്കളാഴ്ച 'കേരളകൗമുദി' വാർത്തകൾ പ്രസിദ്ധീകരിച്ചതോടെയാണ് സർക്കാർ തീരുമാനം വേഗത്തിലായത്.
പ്രതിസന്ധി രൂക്ഷമാകുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ധരിപ്പിച്ചിരുന്നു.
സബ്സിഡി വകയിൽ നൽകേണ്ട 300 കോടിയിൽ 127 കോടിയും നെല്ല് സംഭരിച്ച വകയിൽ നൽകേണ്ട 450 കോടിയിൽ188 കോടിയുമാണ് സർക്കാർ നൽകുന്നത്. സർക്കാർ പണം ലഭിക്കാത്തതിനാൽ സപ്ലൈകോ വിതരണക്കാർക്കുള്ള കുടിശികയും മുടക്കിയിരുന്നു. അതോടെ ചില വിതരണക്കാർ സാധന വിതരണവും നിറുത്തിയിരുന്നു. പണം കിട്ടുന്നതോടെ ഈ കുടിശികയും തീർക്കാം.
കേന്ദ്ര വിഹിതത്തിന്റെ പങ്കും കിട്ടി
നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര സർക്കാരിന്റെ വിഹിതത്തിൽ 88 കോടിയും സപ്ളൈകോയ്ക്ക് ലഭിച്ചു. ഇനി 230 കോടിയാണ് കേന്ദ്ര വിഹിതം കിട്ടാനുള്ളത്.
''സപ്ളൈകോയ്ക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്ന തീരുമാനമാണിത്. കേരളകൗമുദിയുടെ ഇടപെടൽ സഹായിച്ചു.''-
കെ.എൻ. സതീഷ്, സപ്ലൈകോ എം.ഡി