തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനോത്സവത്തിൽ ഗ്രാമപഞ്ചായത്തുകളുടെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ റിയാലിറ്റി ഷോ ശ്രദ്ധേയമായി. സ്ഥാപനങ്ങൾ നാലുവർഷത്തിൽ പൂർത്തീകരിച്ച പദ്ധതികളെക്കുറിച്ചും പുതുതായി തുടങ്ങിയവയെക്കുറിച്ചും 15 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്.

ഓരോ ഗ്രാമപഞ്ചായത്തുകളും ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും ഷോയിൽ വിവരിക്കുന്നു. പദ്ധതികളെക്കുറിച്ചുള്ള കോട്ടങ്ങൾ ചോദിച്ചറിയാനും പ്രവർത്തനം വിലയിരുത്താനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും കിലയിലെ വിദഗ്ദ്ധരുണ്ടായിരുന്നു. ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളാണ് നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ തയ്യാറാക്കിയത്. രണ്ടാം ദിനമായ ഇന്നലെ ചെമ്മരുതി, ആനാട്, മംഗലപുരം, കാട്ടാക്കട, വെള്ളനാട്, വിളവൂർക്കൽ, പള്ളിക്കൽ, കരകുളം, ചെങ്കൽ, കരവാരം, കൊല്ലയിൽ, കിളിമാനൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഷോ ഉദ്ഘാടനം ചെയ്‌തു. ജില്ലയിലെ പ്രാദേശിക ഭരണകൂടങ്ങളുടെ മികവുകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് 2 മുതൽ 5 വരെ പുത്തരിക്കണ്ടം മൈതാനത്ത് വികസനോത്സവം സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10ന് ' കാർഷിക സ്വയം പര്യാപ്‌തതയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.