തിരുവനന്തപുരം: സെൻസസ്, ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) നടപടികൾ ചർച്ച ചെയ്യാനുള്ള സർവകക്ഷി യോഗം 16ന് വൈകിട്ട് അഞ്ചിന് ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സെൻസസ് നടപടികൾ കേരളം സമയബന്ധിതമായി പൂർത്തിയാക്കും. എന്നാൽ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട എന്യൂമറേഷൻ പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നില്ല. അത് നടത്താൻ ഉദ്ദേശിക്കുന്നുമില്ല. ഇക്കാര്യത്തിൽ സർക്കാർ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. യാതൊരു ആശങ്കയും വേണ്ട. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തയ്യാറല്ലെന്ന് കേരളം ആദ്യം തന്നെ പ്രഖ്യാപിച്ചു. അന്ന് ഒറ്റയ്ക്കായിരുന്നു. ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
സെൻസസ് നടപടികൾക്കും എൻ.പി.ആർ നടപടികൾക്കും വ്യക്തമായ കാലപരിധിയുണ്ട്. ഈ വിഷയങ്ങളിൽ ആശയവ്യക്തത ആവശ്യമാണെങ്കിൽ സർവകക്ഷി യോഗത്തിലാകാമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയവേ മുഖ്യമന്ത്രി അറിയിച്ചു.