kink-stent

തിരുവനന്തപുരം : തലച്ചോറിലെ രക്തധമനികളിലെ വീക്കം ചികിത്സിക്കുന്നതിനുള്ള സ്‌റ്റെന്റ് ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ വികസിപ്പിച്ചു. ധമനിയിൽ വീക്കമുള്ള ഭാഗത്തേക്ക് എത്താത്ത വിധത്തിൽ രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്നതാണ് പുതിയ സ്റ്റെന്റ്. ഇതുവഴി വീക്കമുള്ള ഭാഗത്ത് രക്തക്കുഴൽ പൊട്ടുന്നത് തടയാനും വീക്കം ഭേദമാക്കാനും കഴിയും.

ശ്രീചിത്രയിലെ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിലെ ടെക്‌നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസസ് എന്ന പ്രോജക്ടിലൂടെ ശാസ്ത്ര സാങ്കേതിക വകുപ്പ്

നൽകിയ ഫണ്ട് വിനിയോഗിച്ചാണ് സ്റ്റെന്റ് വികസിപ്പിച്ചത്. രക്തക്കുഴലിൽ കൃത്യമായി സ്റ്റെന്റ് സ്ഥാപിക്കാൻ സഹായിക്കുന്ന സംവിധാനവും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.

രക്തക്കുഴലുകളുടെ ആന്തരിക പേശികൾ ദുർബലമാകുന്നതിന്റെ ഫലമായാണ് അവയിൽ വീക്കം ഉണ്ടാകുന്നത്. രക്തസമ്മർദ്ദം കാരണം വീർത്തഭാഗം പൊട്ടി തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നത് പക്ഷാഘാതം, അബോധാവസ്ഥ, മരണം എന്നിവയ്ക്ക് കാരണമാകാം.

ഇത് ചികിത്സിക്കാനുള്ള സ്‌റ്റെന്റുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന സ്‌റ്റെന്റിന് എട്ടു ലക്ഷം രൂപ വരെയാണ് വില. ശ്രീചിത്ര വികസിപ്പിച്ച സ്റ്റെന്റ് വിപണിയിൽ എത്തുന്നതോടെ വില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷണങ്ങൾ നടത്തിയ ശേഷമാകും നിർമ്മാണത്തിലേക്ക് കടക്കുക. സ്റ്റെന്റിനും അത് സ്ഥാപിക്കുന്നതിനുള്ള സംവിധാനത്തിനും പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. ഡോ.സുജേഷ് ശ്രീധരൻ, ഡോ.ജയദേവൻ ഇ.ആർ, ഡോ.സന്തോഷ് കുമാർ.കെ, മുരളീധരൻ.സി.വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌റ്റെന്റും ഇത് സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചത്.

സ്റ്റെന്റിന്റെ പ്രത്യേകത

ചെസ് ബോർഡിലെ കളങ്ങൾ പോലുള്ള ഡിസൈൻ

ചുരുങ്ങില്ല. വളച്ചാൽ പൊട്ടില്ല

വഴക്കത്തിന് കുറവില്ല.

സ്ഥാപിക്കുന്ന സ്ഥലത്ത് ഉറച്ചിരിക്കും

എക്‌സ്‌റേ, ഡി.എസ്.എ ഫ്ളൂറോസ്‌കോപ്പി എന്നിവയിലൂടെ നിരീക്ഷിക്കാം

ചികിത്സ നാലു രീതിയിൽ

സ്റ്റെന്റ് സ്ഥാപിക്കൽ , ശസ്ത്രക്രിയ, പ്ലാറ്റിനം പോലുള്ള ലോഹങ്ങളുടെ ചുരുളുകൾ സ്ഥാപിക്കൽ, ദ്രവരൂപത്തിലുള്ള പോളിമർ സ്ഥാപിക്കൽ എന്നീ നാലുരീതിയിലാണ് തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം പരിഹരിക്കുന്നത്.

സ്റ്റെന്റ് ഒഴിച്ചുള്ള ചികിത്സാരീതികൾക്ക് പോരായ്മകളുണ്ട്.

സ്‌റ്റെന്റ് സ്ഥാപിച്ച് രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന ചികിത്സ വളരെ ഫലപ്രദമാണെന്ന് ഡോക്ടർമാർ പറയുന്നു.