തിരുവനന്തപുരം: ഇടുക്കിയിൽ നിർമ്മാണങ്ങൾക്കുള്ള നിയന്ത്റണം ലഘൂകരിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികൾ അഡ്വക്കേ​റ്റ് ജനറലുമായും ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്റി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. സർവകക്ഷിയോഗത്തിലെ തീരുമാനവും വിവിധ കോടതി ഉത്തരവുകളും ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകളും പരിഗണിച്ചാവും തീരുമാനം. 1964ലെ ഭൂമി പതിവു ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നത് കൃഷിക്കും ഗൃഹനിർമ്മാണത്തിനും ഗുണകരമായ മ​റ്റ് ഉപയോഗത്തിനും മാത്രമാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി വാങ്ങണമെന്ന നിബന്ധന ഏർപ്പെടുത്തിയത്. 15 സെന്റിൽ താഴെയുള്ള ഭൂമിയിൽ പട്ടയ വ്യവസ്ഥകൾ ലംഘിച്ചു നടത്തിയ പ്രവർത്തനങ്ങൾ ക്രമവത്കരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. കാർഷികാവശ്യത്തിനു പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യപരമായ കെട്ടിട നിർമ്മാണം അനുവദനീയമല്ലെന്നു കോടതി നിരീക്ഷിച്ചിട്ടുണ്ട്. വാണിജ്യാവശ്യങ്ങൾക്കായുള്ള വൻകിട ഹോട്ടലുകൾ, റിസോർട്ടുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ പട്ടയ ഭൂമിയിൽ നിർമ്മിക്കുന്നതു നിലവിലുളള പട്ടയ വ്യവസ്ഥകളുടെ ലംഘനമാണ്. പട്ടയ വ്യവസ്ഥകൾ ലംഘിച്ചതിനാൽ മൂന്നാറിൽ നിർമ്മാണത്തിലിരുന്ന രണ്ട് ബഹുനില കെട്ടിടങ്ങളുടെയും ഹോട്ടലായി പ്രവർത്തിച്ച ഒരു ബഹുനില കെട്ടിടത്തിന്റെയും തണ്ടപ്പേരു റദ്ദാക്കി ഭൂമി ഏ​റ്റെടുക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവിറക്കിയെന്നും എസ്. രാജേന്ദ്രന്റെ സബ്‌മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.