പാറശാല: കഴിഞ്ഞ 25 വർഷത്തോളമായി നാട്ടുകാരുടെ പ്രധാന ആവശ്യമാണ് പാറശാലയിൽ മജിസ്ട്രേട്ട് കോടതി വേണമെന്ന്. ഇവിടെ കോടതി വന്നാൽ പാറശാല, പൊഴിയൂർ, പൂവാർ, വെള്ളറട തുടങ്ങിയ സ്റ്റേഷനുകളിൽ ദിനംപ്രതി രജിസ്റ്റർ ചെയ്യപ്പെടുന്ന നൂറ് കണക്കിന് കേസുകൾക്ക് പുറമെ പ്രദേശത്തെ നാട്ടുകാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട മറ്റ് നിയമ നടപടികളും ഏറെ എളുപ്പത്തിലാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ പാറശാലയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ കോടതിയുടെ പ്രവർത്തനം മന്ദീഭവിച്ച നിലയിലാണെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ ജഡ്ജിയുടെ ഒഴിവിലേക്ക് നിയമ വകുപ്പ് പുതിയ നിയമനം നടത്താത്തതാണ് പ്രശ്നത്തിന് കാരണം. പാറശാലയിൽ പ്രവർത്തിച്ചു വരുന്ന ഗ്രാമീണ കോടതിയുടെ പ്രവർത്തനം നിലനിറുത്താൻ ബന്ധപ്പെട്ട സർക്കാർ അധികാരികളും നീതിന്യായാലയ വകുപ്പും വേണ്ടത്ര നടപടികൾ സ്വീകരിക്കണമെന്നത് നാട്ടുകാരുടെ ആവശ്യം. ഒപ്പം പാറശാലയുടെ വികസനത്തിന് ഏറെ സാദ്ധ്യതയുള്ള മജിസ്‌ട്രേട്ട് കോടതിയും കുടുംബ കോടതിയും പാറശാലയിൽ സ്ഥാപിക്കാൻ സർക്കാരും ബന്ധപ്പെട്ട നീതിന്യായ വകുപ്പ് അധികാരികളും നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
2011ൽ സ്ഥാപിച്ച ഗ്രാമീണ കോടതി തുടക്കത്തിൽ നല്ലവണ്ണം പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് കോടതി പ്രവർത്തിക്കുന്നത്. ജഡ്ജിയുടെ ഒഴിവ് നികത്താതെ വന്നതോടെ നെയ്യാറ്റിൻകരയിലെ ജഡ്ജി പാറശാല കോടതിയിൽ ആഴ്ചയിൽ ഒരു ദിവസം വന്നാണ് കോടതി പ്രവർത്തിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കേസുകൾ തീർപ്പാക്കാൻ കാലതാമസം വരുന്നതായും പരാതിയുണ്ട്. ഇവിടെ രജിസ്റ്റർ ചെയ്യുന്ന കേസുകൾ നെയ്യാറ്റിൻകര കോടതിയിൽ എത്തിച്ച് പരിഹരിക്കുകയാണ് പതിവ്.
പാറശാല, പൊഴിയൂർ, പൂവാർ എന്നീ സ്റ്റേഷനുകളിലെയും പാറശാല, കാരോട്, കുളത്തൂർ, ചെങ്കൽ, തിരുപുറം, പൂവാർ എന്നീ പഞ്ചായത്തുകളിലെയും 50,000 രൂപ വരെയുള്ള സിവിൽ കേസുകളുടെ നിയമ നടപടികളാണ് ഗ്രാമ ന്യായാലയത്തിൽ നടക്കുന്നത്. ചെറിയ കേസുകൾ മജിസ്ട്രേട്ട് കോടതിയിൽ എത്താതെ ഗ്രാമകോടതി വഴി പരിഹരിക്കാമെന്നതിനാൽ നാട്ടുകാർക്ക് ഏറെ പ്രയോജനമായിരുന്നു.