manal
മണൽ

തിരുവനന്തപുരം: മഹാപ്രളയത്തിൽ ആറ് റഗുലേറ്ററുകളിൽ അടിഞ്ഞുകൂടിയ ഒന്നര ലക്ഷം ഘനമീറ്റർ മണൽ (60,​000 ടൺ)​ മൂന്നു മാസത്തിനകം വിപണിയിലെത്തും. മേൽത്തരം പുഴമണലാണിത്. ഒരു ക്യുബിക് മീറ്ററിന് ശരാശരി 500 രൂപ കണക്കാക്കിയാലും 7.5 കോടി രൂപ വിലവരും.

വെള്ളിയാങ്കല്ല്, പുരപ്പള്ളിക്കാവ്, മഞ്ഞുമ്മൽ, ചങ്ങരംകുന്ന്, ചെന്തുരുത്തി, പൂക്കോട്ടുമന എന്നിവിടങ്ങളിൽനിന്ന് മണൽ നീക്കാനാണ് ടെൻഡർ തുടങ്ങിയത്. ഈമാസം കരാർ ഉറപ്പിക്കും. ജൂണിനകം മുഴുവൻ മണലും നീക്കും. മേയിൽ ഒരു ലക്ഷം ഘനമീറ്റർ മണൽ വില്പനയ്ക്കെത്തും. നിർമ്മാണ സ്തംഭനം ഒഴിവാക്കാനും മണലിന്റെ വിലക്കയറ്റം തടയാനും ഇത് സഹായകമാവും. മണൽ വിറ്റുകിട്ടുന്ന തുകയുടെ 20 ശതമാനം റഗുലേറ്ററുകളുടെയും ഡാമുകളുടെയും അറ്റകുറ്റപ്പണിക്ക് വിനിയോഗിക്കും.

പ്രധാന അണക്കെട്ടുകളിലെ മണൽ വാരാനുള്ള നടപടികളും ജലസേചന വകുപ്പ് തുടങ്ങുകയാണ്. പാലക്കാട്ടെ മംഗലം ഡാമിൽ 30ലക്ഷം ഘനമീറ്റർ മണലുണ്ട്. ഇതു നീക്കാൻ ഒരാഴ്ചയ്ക്കകം ടെൻഡർ തുടങ്ങും. അരുവിക്കര അണക്കെട്ടിൽ 10ലക്ഷം ഘനമീറ്റർ മണലാണുള്ളത്. ഇതു നീക്കാൻ ജലഅതോറിട്ടി താത്പര്യപത്രം ക്ഷണിച്ചു. അരുവിക്കര ജലസംഭരണിയുടെ പകുതിയോളം മണലടിഞ്ഞ നിലയിലാണ്. മറ്റ് അണക്കെട്ടുകളിൽ അഞ്ച് മുതൽ 20 ലക്ഷം ഘനമീറ്റർ വരെ മണലുണ്ടാവുമെന്നാണ് കണക്ക്. സ്വകാര്യ സ്ഥാപനങ്ങൾക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികൾക്കും നിബന്ധനകൾക്കു വിധേയമായി മണൽവാരി വിൽക്കാം. പാരിസ്ഥിതിക അനുമതി ആവശ്യമില്ല. നീക്കുന്ന ചെളിക്ക് മൈനിംഗ് ആൻഡ് ജിയോളജി റോയൽറ്റി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. എന്നാൽ മണൽ വേർതിരിച്ച് വിൽക്കുമ്പോൾ റോയൽറ്റി നൽകണം.

മണൽ അടിഞ്ഞുകൂടി വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഏപ്രണിനും ഘടനയ്ക്കും ഗുരുതര തകരാറുണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് 19 കോടി വേണം. ആസൂത്രണ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ അറ്റകുറ്റപ്പണി വൈകുകയാണ്. മണലും ചെളിയും നീക്കംചെയ്താലേ റഗുലേറ്ററിന്റെ അറ്റകുറ്റപ്പണി നടത്താനാവൂ. രണ്ടാംഘട്ടത്തിൽ 32 അണക്കെട്ടുകളിലെ മണൽ വാരും.

അനുമതി ഇങ്ങനെ

 25ലക്ഷം രൂപ കെട്ടിവച്ചാൽ വ്യക്തികൾക്ക് മണൽവാരുന്നതിന് അനുമതി നൽകും

മണൽവാരുന്ന കരാറുകാർക്ക് പാസ് നൽകും (ഇതിന്റെ പകർപ്പ് പൊലീസിനും വില്ലേജ് ഓഫീസുകൾക്കും നൽകും)​

മണലിന്റെ കണക്ക് 30 ദിവസത്തിലൊരിക്കൽ ജില്ലാകളക്ടർക്ക് നൽകണം.

മണലിൽ 40 ശതമാനം എക്കലാണ്. ഇത് കർഷകർക്ക് നൽകും.

5 നേട്ടങ്ങൾ

1. മണലെടുത്താൽ അണക്കെട്ടുകളുടെ സംഭരണശേഷി 10% കൂട്ടാം

2. ഇതുവഴി 800 ദശലക്ഷം ഘനമീറ്റർ വെള്ളം അധികമായി സംഭരിക്കാം

3. അഞ്ച് പുതിയ റിസർവോയറുകൾ സ്ഥാപിക്കുന്ന ഗുണം കിട്ടും

4. ഇങ്ങനെമാത്രം 5000 കോടി രൂപയുടെ പരോക്ഷ നേട്ടമുണ്ടാക്കാം

5. മണൽ വില്പനയിലൂടെ ലഭിക്കുന്ന കോടികൾ ഇതിനുപുറമേയാണ്

ഇപ്പോൾ ഇങ്ങനെ

നിർമ്മാണത്തിന് പ്രതിവർഷം 65 ലക്ഷം ഘനമീറ്റർ മണൽ വേണം

ഇപ്പോഴത്തെ ഖനനം 30 ലക്ഷം ഘനമീറ്റർ മാത്രമാണുള്ളത്

ഒരു ലോറി മണലിന് ഇരുപതിനായിരത്തിന് മുകളിലാണ് വില

വ്യാപകമായി പാറപ്പൊടിയാണ് നിർമ്മാണത്തിനുപയോഗിക്കുന്നത്

സർക്കാർ നിരക്ക് ഘനമീറ്ററിന് 700-800രൂപ വരെയാണ്