തിരുവനന്തപുരം: നാല് ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ എഴുതിയ കെ.എ.എസ് പരീക്ഷ അബദ്ധ പഞ്ചാംഗമായിരുന്നുവെന്നും പരീക്ഷാനടത്തിപ്പിലെ പി.എസ്.സിയുടെ വീഴ്ചയ്ക്ക് പരിഹാരമായി ഈ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തണമെന്നും പി.ടി.തോമസ് നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ പറഞ്ഞു.
കെ.എ.എസ് പരീക്ഷയിലെ പബ്ലിക് അഡ്മിനിട്രേഷൻ വിഭാഗത്തിലെ ആറ് ചോദ്യങ്ങൾ 2001ൽ പാകിസ്ഥാൻ നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ നിന്ന് കോപ്പിയടിച്ചതാണ്. കെ.എ.എസ് ചോദ്യപേപ്പർ മാതൃക പി.എസ്.സി പുറത്തുവിട്ടിരുന്നില്ല. സിവിൽ സർവീസ് അക്കാഡമിയും മറ്റു കോച്ചിംഗ് സെന്ററുകളും ഇതു മനസ്സിലാക്കിയിരുന്നു. പി.എസ്.സിയിൽ നിന്ന് ഇതെങ്ങനെ പുറത്തുപോയെന്ന് അന്വേഷിക്കണം. പല കോച്ചിംഗ് സ്ഥാപനങ്ങളുടെയും റാങ്ക് ഫയലുകളിലെ ചോദ്യങ്ങൾ ക്രമം തെറ്റാതെ വന്നു. ചോദ്യപേപ്പർ തയ്യാറാക്കിയവരും റാങ്ക് ഫയലുകാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടിലാണ്. പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകളെപ്പറ്റി ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു. .