kovalam

കോവളം: ടൂറിസം മേഖല കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവളം കുടിവെള്ള പദ്ധതിയുടേയും സൺ ബാത്ത് പാർക്കിന്റേയും ഉദ്ഘാടനം കോവളം പാലസ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയവും നിപ്പയും കൊറോണയും സംസ്ഥാനത്തെ ടൂറിസം രംഗം തകർത്തു. എല്ലാറ്റിനും കരകയറാൻ മുതിരുമ്പോഴും ഒന്നൊന്നായി ടൂറിസം രംഗം തളരുന്നുണ്ട്. കോവളത്തിന് വേണ്ടി തെരഞ്ഞെടുത്ത പത്തോളം പദ്ധതികളുടെ നിർമ്മാണം പൂർത്തിയായതായും വെള്ളാർക്രാഫ്റ്റ് വില്ലേജ് സർഗ്ഗാലയ മോഡലിൽ രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ എം.വിൻസന്റ് എം.എൽ എ അദ്ധ്യക്ഷനായിരുന്നു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാല കിരൺ, മേയർ കെ.ശ്രീകുമാർ , വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാർ, കോവളം ടി.എൻ സുരേഷ്, പി.എസ് ഹരികുമാർ , നിസാബീബി, കോവളം സുകേശൻ, കോവളം ബാബു, ബി. ശ്രീകുമാർ, ആർ.വിശ്വനാഥൻ, മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.