police

വെഞ്ഞാറമൂട്: വാടിക്കുന്നിൽ കോളനിയിലെ കൊലപാതകത്തിൽ ഞെട്ടി പ്രദേശവാസികൾ. സ്ഥിരം വഴക്കാളിയും മദ്യപാനിയുമായ കുട്ടൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിന് ഉപയോഗിച്ച ചുറ്റികയും സ്ഥലത്തുനിന്ന് കണ്ടെടുത്തു. അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട മക്കൾ ഭയന്ന് വീട് വിട്ടോടി. അവർ തിരിച്ചെത്തുമ്പോൾ കുട്ടൻ കുഴി മൂടുന്നതാണ് കണ്ടത്. എന്താണെന്ന് ചോദിച്ചപ്പോൾ ആട്ടിയകറ്റുകയായിരുന്നു. ഇതിന് ശേഷം ഇയാളെ കണ്ടിട്ടില്ലെന്ന് മക്കൾ പൊലീസിന് മൊഴി നൽകി. മക്കൾ നൽകിയ മൊഴിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുല്ലമ്പാറ മരുതുംമൂട് വാടിക്കുന്ന് കോളനിയിലെ വീട്ടുവളപ്പിൽ നിന്ന് സിനിയുടെ (32) മൃതദേഹം ഇന്നലെ രാവിലെയോടെ പൊലീസ് കണ്ടെടുത്തത്. ഇവരുടെ വീടിനോട് ചേർന്ന് പഞ്ചായത്ത് സഹായത്തോടെ നിർമ്മിക്കുന്ന പുതിയ വീടിന്റെ നിർമ്മാണം പുരോഗമിക്കുന്ന കക്കൂസ് കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിനിയെ കാണാതായിരുന്നു. എന്നിട്ടും ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം ഭർത്താവ് കുട്ടൻ മുങ്ങിയതോടെയാണ് സമീപവാസികൾക്ക് സംശയം തോന്നിയത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ഭർത്താവിനോട് വഴക്കിട്ട് സിനി ബന്ധുവീട്ടിലേക്ക് പോകുന്നത് പതിവായിരുന്നതിനാൽ കാണാതായിട്ടും ആരും പൊലീസിൽ പരാതി നൽകിയില്ല. ശനിയാഴ്ചയും സിനിയും ഭർത്താവ് കുട്ടനും വഴക്കിട്ടിരുന്നതായി സമീപവാസികൾ പറയുന്നു. ഇതിനുശേഷം മക്കളായ അരവിന്ദ് (14), അനന്ദു (17) എന്നിവർ സമീപ വീടുകളിലാണ് കഴിഞ്ഞിരുന്നത്. ഇതിൽ അനന്ദു ബധിരനാണ്. കൂലിപ്പണിക്കാരനായ പിതാവ് മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് ഇവർ പറയുന്നു. അമ്മയെ കാണാതായ അന്ന് മുതൽ തങ്ങളെ വീട്ടിലേക്ക് പിതാവ് അടുപ്പിക്കാറില്ലായിരുന്നെന്നും ഇവർ പറഞ്ഞു. സിനിയെ ബന്ധുവീട്ടിൽ തിരക്കിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കക്കൂസിനായി നിർമ്മിച്ച കുഴിയിൽ മണ്ണിട്ട് മൂടിയ നിലയിൽ സിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാല് വർഷം മുമ്പ് സിനിയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ കുട്ടൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിലേക്ക് പോകുന്നെന്നാണ് കുട്ടൻ മക്കളോട് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എസ്.പി, ഡിവൈ.എസ്.പി, തഹസിൽദാർ, ഫോറൻസിക് വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.