നെടുമങ്ങാട്: ഒരുമയുടെ സന്ദേശം കൈമാറി ഒരിക്കൽക്കൂടി നെടുമങ്ങാട് നഗരം അമ്മൻകൊട - കുത്തിയോട്ട മഹോത്സവത്തിനൊരുങ്ങി. ഏഴു നാൾ നീളുന്ന 'ഓട്ടം" ചമയ മഹോത്സവത്തിന് ഇന്ന് വൈകിട്ട് ശ്രീമേലാങ്കോട് ദേവീ ക്ഷേത്രത്തിൽ തൃക്കൊടിയേറുന്നതോടെ തുടക്കമാവും. നെടുമങ്ങാടിന്റെ പൂർവരൂപമായ വേണാട് രാജവംശവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന മേലാങ്കോട്, മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളിലെ വാർഷിക ഉത്സവമാണ് മൂന്ന് നൂറ്റാണ്ടിലേറെയായി ഓട്ടം മഹോത്സവമായി ആഘോഷിക്കുന്നത്. മൂന്നിടത്തും പ്രധാന ഉത്സവം കുംഭത്തിലെ അവസാന ചൊവ്വാഴ്ചയാണ്. മൂന്ന് സമുദായങ്ങളുടെ നിയന്ത്രണത്തിലാണെങ്കിലും പ്രധാന ചടങ്ങായ ഓട്ടം, പൂമാല, താലപ്പൊലി ചമയങ്ങൾ ഒരേസമയത്ത് നടക്കും. അമ്മദൈവങ്ങളുടെ അനുഗ്രഹിച്ച് എഴുന്നള്ളത്തും പരസ്പരം ക്ഷേത്ര സന്ദർശനവും ഇതോടൊപ്പം അരങ്ങേറും. മുത്താരമ്മൻ, മുത്തുമാരിയമ്മൻ ക്ഷേത്രങ്ങളിലെ മൂലവിഗ്രഹം സ്ഥിതി ചെയ്യുന്ന തമിഴ്‍നാട്ടിൽ നിന്ന് നൂറുകണക്കിന് ഭക്തർ നെടുമങ്ങാട് എത്തിയിട്ടുണ്ട്. ഇവരെ പരമ്പരാഗതമായി ഊരായ്മക്കാർ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മേലാംകോട് ക്ഷേത്രത്തിൽ രാത്രി 7.30 നും മറ്റു രണ്ടിടത്തും 8 നുമാണ് കൊടിയേറ്റം.
മേലാംകോട് ദേവീക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 3.30 ന് കൊടിമരഘോഷയാത്ര, രാത്രി 7.30 നും 8.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്. തുടർന്ന് കാപ്പുകെട്ടി കുടിയിരുത്ത്. 5 ന് ഉച്ചയ്ക്ക് 12.15 ന് അന്നദാനം, രാത്രി 7 ന് നൃത്തസംഗീത നിശ. 6 ന് വൈകിട്ട് 5 ന് ഐശ്വര്യപൂജ, 8 ന് മാലപ്പുറംപാട്ട്, 8.30 ന് ട്രാക്ക് ഗാനമേള, 7 ന് രാവിലെ 8 ന് ചപ്രപുറത്തെഴുന്നള്ളത്ത്, വൈകിട്ട് 6 ന് സംഗീതസദസ്, 8.30 ന് നൃത്തസന്ധ്യ, 8 ന് രാത്രി 8 ന് കോമഡി ഷോ, 9 ന് രാത്രി 8.30 ന് നാടൻ പാട്ട്-തിറയാട്ടം, 10 ന് രാവിലെ 9.30 ന് സമൂഹപൊങ്കാല, വൈകിട്ട് 4.30 ന് ഉരുൾ,7 ന് വിൽപ്പാട്ട്, 7.30 ന് നൃത്തസന്ധ്യ, 8 ന് ഓട്ടം, പൂമാല, താലപ്പൊലി, 10 ന് പൂത്തിരിമേളം.