infosys

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് 359 പേർക്ക് ജോലി വാഗ്‌ദാനം നൽകി. 57 കോളേജുകളിലെ 2471 വിദ്യാർഥികൾ പ്രാഥമിക പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ മികച്ച വിജയം നേടിയ 436 പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. ഇവരിൽ നിന്ന്് തിരഞ്ഞെടുക്കപ്പെട്ട അവസാനവർഷ വിദ്യാർത്ഥികളായ 359 പേർക്കാണ് ജോലി വാഗ്‌ദാനം ലഭിച്ചത്. 3.6 ലക്ഷം രൂപയാണ് പ്രാഥമിക വാർഷിക ശമ്പള പാക്കേജ്.

ജൂലായിൽ പഠനം അവസാനിക്കുമ്പോൾ ജോലിയിൽ പ്രവേശിക്കാം. ആറാം സെമസ്​റ്റർ വരെ ഒരു വിഷയത്തിലും പരാജയപ്പെടാത്തവരെയാണ് പരിഗണിച്ചത്. വിദ്യാർത്ഥികളുടെ പ്രകടനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച ഇൻഫോസിസ് സമിതി കുട്ടികളുടെ കോഡിംഗ് നിലവാരം മെച്ചപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. ഇന്റേൺഷിപ്പുകൾ, ഡിസൈൻ പ്രോജക്ടുകൾ എന്നിവ പഠനത്തിന്റെ ഭാഗമാക്കിയവരാണ് മികച്ച പ്രകടനം നടത്തിയത്.