വെഞ്ഞാറമൂട് : യുവതിയായ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്ന് വീടിന് സമീപത്തെ കുഴിയിൽ മൂടി. പുല്ലമ്പാറ മരുതുംമൂട് വാലിക്കുന്ന് കോളനിയിൽ സിനിയാണ് (32)അതിദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് കുട്ടൻ ഒളിവിലാണ്.
ഞായറാഴ്ച മുതൽ സിനിയെ കാണാനില്ലാത്തിൽ സംശയം തോന്നിയ സിനിയുടെ ഇളയമ്മയുടെ മകൻ രാജേഷ് ഇന്നലെ നടത്തിയ പരിശോധനയിലാണ് വീടിന് സമീപം കക്കൂസിന് എടുത്തിട്ടിരുന്ന കുഴിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം പുറത്തെടുത്തു. മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. തലയോട്ടി തകർന്ന നിലയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇന്നലെ രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രയിലെത്തിച്ചു.
നാടിനെ ഞെട്ടിച്ച കൊലപാതകം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പുറം ലോകം അറിയുന്നത്.
ഭർത്താവ് കുട്ടൻ ശാരീരികമായി ഉപദ്രവിക്കുന്നതിനാൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി സിനി മക്കളായ അനന്തു(13) ആനന്ദ്(16) എന്നിവർക്കൊപ്പം സമീപത്തുള്ള അമ്മയുടെ വീട്ടിലാണ് താമസം. ഇടയ്ക്ക് വാലികുന്നത്തെ വീട്ടിലേക്ക് വരും. ഞായറാഴ്ച സിനിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ബന്ധുവീട്ടിൽ പോയെന്നാണ് കുട്ടൻ മക്കളോടും സിനിയുടെ അച്ഛൻ ചെല്ലപ്പനോടും പറഞ്ഞിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ, താൻ കർണ്ണാടകയിലേക്ക് പോകുന്നതായി കുട്ടൻ ബന്ധുക്കളെ അറിയിച്ചു. ഇതിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം തുടങ്ങിയത്.
ഇന്നലെ രാവിലെ രാജേഷ് വാലിക്കോണത്തെ വീട്ടിലെത്തിയപ്പോൾ കുട്ടൻ ഉണ്ടായിരുന്നില്ല. കക്കൂസിനായി എടുത്തിട്ട കുഴി മണ്ണിട്ടു മൂടിയതായി കണ്ടു. മണ്ണ് നീക്കിയപ്പോൾ ഒരു കൈ പുറത്ത് കണ്ടു. ഉടൻ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീകണ്ഠനെ വിവരമറിയിച്ചു. ഇദ്ദേഹ മാണ് പൊലീസിനെ അറിയിച്ചത്. തിരുവനന്തപുരം റൂറൽ എസ്.പി. ബി.അശോക്, ആറ്റിങ്ങൾ ഡി.വൈ.എസ്.പി. പി.പി.ബേബി, വെഞ്ഞാറമൂട് ഇൻസ്‌പെക്ടർ അജിത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ,ഫോറൻസിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.. നെടുമങ്ങാട് തഹസീൽദാർ അനിൽ ജോസിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി.
നേരത്തേയും കൊലപാതക
ശ്രമം, ജയിൽവാസവും
സിനിയെ കൊല്ലാൻ ശ്രമിച്ചതിന് കുട്ടൻ നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. 2004ൽ സിനിയുടെ കാലിൽ വെട്ടി പരിക്കേൽപ്പിച്ചതിന് ഏഴുവർഷത്തോളമാണ് ജയിലിൽ കിടന്നത്. ജയിലിൽ നിന്നിറങ്ങിയശേഷം ഇവർ വീണ്ടും ഒരുമിച്ച് താമസിച്ചെങ്കിലും കലഹം പതിവായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഒന്നര വർഷം മുമ്പ് വഴക്കിനെ തുടർന്ന് കുട്ടന് നേരെ അയൽവാസി ആസിഡ് ഒഴിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടൻ ഏറെ നാൾചികിത്സയിലായിരുന്നു.
കുഴി മൂടുന്നത്
കണ്ടെന്ന് മക്കൾ
. ഞായറാഴ്ച വൈകിട്ട് അമ്മയെ അച്ഛൻ മർദ്ദിച്ചത് കണ്ടതായി മക്കളായ അനന്തുവും ആനന്ദും പൊലീസിനോട് പറഞ്ഞു. രാത്രിയിൽ കക്കൂസിനെടുത്ത കുഴിമൂടുന്നത് കണ്ട മക്കൾ എവിടെ എന്താണെന്ന് ചോദിച്ചപ്പോൾ വാഴ നടുകയാണെന്ന് പറഞ്ഞ് അച്ഛൻ വിരട്ടി ഓടിച്ചെന്നും അവർ പറഞ്ഞു.