തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ കവി പ്രൊഫ. വി. മധുസൂദനൻ നായർക്ക് ജന്മനാട് നൽകുന്ന ആദരം 'കവി പിറന്ന നാട്ടിൽ' സാംസ്കാരികോത്സവം 5, 6, 7 തീയതികളിലായി നെയ്യാറ്റിൻകര അരുവിയോടിൽ നടക്കും. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തും താലൂക്ക് ലൈബ്രറി കൗൺസിലും താളത്രയം കലാ സാംസ്കാരിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി നാളെ വൈകിട്ട് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ.എസ്. ശബരീനാഥൻ, കെ. ആൻസലൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മലയാള കാവ്യ സംഗീതിക. ആറിന് വൈകിട്ട് 4.30ന് മലയാളിയും മലയാളവും എന്ന വിഷയത്തിൽ ഡോ.പി. പവിത്രൻ പ്രഭാഷണം നടത്തും. ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനാകും. പെരുമ്പടവം ശ്രീധരൻ, ഡോ. ജോർജ് ഓണക്കൂർ, പ്രൊഫ. വി. കാർത്തികേയൻ നായർ, സന്ദീപ് ജി. വാര്യർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന കവിയരങ്ങ് പ്രഭാവർമ ഉദ്ഘാടനം ചെയ്യും.

7ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനവും കവിക്ക് ആദരവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. മധുസൂദനൻ നായർ സപ്തതി മന്ദിരത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കവിക്ക് ഒ. രാജഗോപാൽ എം.എൽ.എ പുരസ്കാരം സമ്മാനിക്കും. ശ്രീകുമാരൻതമ്പി മുഖ്യാതിഥിയാകും. തുടർന്ന് മ്യൂസിക് ബാൻഡിന്റെ സംഗീതനിശയും അരങ്ങേറും.