tokyo-2020

ടോക്കിയോ : ലോകമെമ്പാടുമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് കാരണം ഇൗവർഷം ജൂലായിൽ ജപ്പാനിലെ ടോക്കിയോയിൽ നടക്കേണ്ട ഒളിമ്പിക്സ് നീട്ടിവച്ചേക്കുമെന്ന് സൂചന നൽകി ജാപ്പനീസ് കായികമന്ത്രി. നിശ്ചയിച്ച സമയത്ത് ഒളിമ്പിക്സ് നടത്താൻ കഴിയില്ലെന്ന ആശങ്കകൾ മുറുകുന്നതിനിടെയാണ് ഒളിമ്പിക്സ് നടത്താൻ ജപ്പാനും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും തമ്മിലുള്ള കരാർ പ്രകാരം 2020 ഡിസംബർ വരെ സമയമുണ്ടെന്ന് ചൂണ്ടിക്കാട്ടി കായിക മന്ത്ര്രി സീക്കോ ഹാഷിമോട്ടോ രംഗത്തുവന്നത്. 2020 അവസാനിക്കുന്നതിന് മുന്നേ ഗെയിംസ് നടത്തിയാൽ മതിയാകുമെന്നാണ് താൻ കരുതുന്നതെന്നും സീക്കോ ഹാഷിമോട്ടോ ജാപ്പനീസ് പാർലമെന്റിൽ ഒരു പറഞ്ഞു. ഗെയിംസ് മാറ്റിവയ്ക്കാൻ ജപ്പാൻ തയ്യാറെടുക്കുകയാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ട ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുമായി ഉടൻ ചർച്ച നടത്തുമെന്നും അറിയിച്ചു.

ജപ്പാനിൽ കൊറോണ സ്ഥിരീകരിച്ചപ്പോൾ തന്നെ ഒളിമ്പിക്സിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ടോക്കിയോ ഗെയിംസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞെങ്കിലും പിന്നീട് നിലപാട് തിരുത്തുകയും ഗെയിംസ് സമയത്തുതന്നെ നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബേയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കുശേഷമാണ് ഗെയിംസ് മാറ്റുമെന്ന അഭ്യൂഹങ്ങൾ നിഷേധിക്കാൻ സംഘാടക സമിതി രംഗത്തിറങ്ങിയത്. എന്നാൽ ആ നിലപാടിൽനിന്ന് ജപ്പാൻ മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് കായികമന്ത്രിയുടെ പ്രസ്താവന.

കൊറോണ ബാധ ഒളിമ്പിക്സിന്റെ തയ്യാറെടുപ്പുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗത്തായി നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് യോഗ്യതാ ടൂർണമെന്റുകൾ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ നടക്കാനിരിക്കുന്ന ടൂർണമെന്റുകളിലേക്ക് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കായിക താരങ്ങളെ അയയ്ക്കുന്നില്ല.

ഗെയിംസിന്റെ തയ്യാറെടുപ്പുകളെയും കൊറോണ സാരമായി ബാധിച്ചിട്ടുണ്ട്. സൈനിക വളണ്ടിയർമാരുടെ പരിശീലനം കഴിഞ്ഞമാസം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത് ഇനിയും ആരംഭിക്കാനായിട്ടില്ല. ഇൗ മാസം ഒന്നാം തീയതി ടോക്കിയോ മാരത്തോൺ സംഘടിപ്പിച്ചെങ്കിലും 38000 പേർ പങ്കെടുക്കേണ്ട സ്ഥാനത്ത് വെറും 200 പേരെ മാത്രമാണ് പങ്കെടുപ്പിച്ചത്.ജപ്പാനിലെ പല മത്സരങ്ങളും റദ്ദാക്കിയിരിക്കുകയാണ്.

സാമ്പത്തിക നഷ്ടം

ഒളിമ്പിക്സിന്റെ തയ്യാറെടുപ്പുകൾക്കായി 125 കോടി ഡോളറാണ് ജപ്പാൻ മുടക്കിയിരിക്കുന്നത്. ഗെയിംസ് ഉപേക്ഷിക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യുകയാണെങ്കിൽ കനത്ത നഷ്ടമായിരിക്കും.

ജൂലായ് 24

ഇൗവർഷം ജൂലായ് 24 നാണ് ടോക്കിയോയിൽ ഒളിമ്പിക്സ് തുടങ്ങേണ്ടത്. ആഗസ്റ്റ് 9 വരെ നീളും.

206

രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലേറെ അത്‌ലറ്റുകളും അതിലേറെ ഒഫിഷ്യൽസുമാണ് പങ്കെടുക്കാനെത്തേണ്ടത്.

'2020 നുള്ളിൽ ഗെയിംസ് നടത്തണമെന്നാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ജപ്പാനും തമ്മിലുള്ള കരാർ. അതനുസരിച്ച് ഡിസംബറിനുള്ളിൽ ഗെയിംസ് നടത്തിയാൽ മതിയാകും. എങ്കിലും നിശ്ചയിച്ച സമയത്തുതന്നെ നടത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കും'.

സീക്കോ ഹാഷിമോട്ടോ

ജപ്പാൻ കായികമന്ത്രി

കൊറോണ വൈറസ് വ്യാപനം ആശങ്കാജനകമാണെങ്കിലും നിശ്ചയിച്ച സമയത്തുതന്നെ ഒളിമ്പിക്സ് നടത്താൻ ഞങ്ങൾ ശ്രമിക്കും.

തോമസ് ബാച്ച്

ഐ.ഒ.സി പ്രസിഡന്റ്

142

ദിവസമാണ് ഇനി ഒളിമ്പിക്സിനുള്ളത്

കുരുക്കിലായ കളികൾ

ഒാരോ ദിവസം കഴിയുമ്പോഴും അന്തർദേശീയ കായിക രംഗത്ത് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്ന ടൂർണമെന്റുകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇതുവരെ മാറ്റിവച്ച പ്രധാന കായിക ഇനങ്ങൾ ഇവയാണ്.

. മേയ് 4ന് ഷാങ്‌ഹായ്‌യിൽ നിശ്ചയിച്ചിരുന്ന ആർച്ചറി ലോകകപ്പ് റദ്ദാക്കി. കഴിഞ്ഞമാസം ബംഗ്ളാദേശിൽ നടക്കേണ്ടിയിരുന്ന ഇന്റർനാഷണൽ ആർച്ചറി ചാമ്പ്യൻഷിപ്പ് മാറ്റിവച്ചിരിക്കുകയാണ്.

. ടോക്കിയോയിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി.

. ഇൗമാസം ചൈനയിലെ നാൻജിംഗിൽ നടക്കേണ്ടിയിരുന്ന വേൾഡ് ഇൻഡോർ അത്‌ലറ്റിക്സ് അടുത്ത വർഷത്തേക്ക് മാറ്റി. ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്സും മാറ്റിവച്ചിരിക്കുകയാണ്.

. ഹോംഗ്കോംഗ്, വുഹാൻ, പ്യോംഗ്‌യിംഗ് മാരത്തോണുകൾ ഉപേക്ഷിച്ചു.

. ഒളിമ്പിക് ട്രയാത്ത്‌ലൺ ക്വാളിഫിക്കേഷൻ ഇവന്റ് മാറ്റിവച്ചു.

. ഫിലിപ്പിൻസിൽ നടക്കേണ്ടിയിരുന്ന ഏഷ്യ ടീം ബാഡ്മിന്റണിൽനിന്ന് ചൈനീസ്, ഹോംഗ്‌കോംഗ് താരങ്ങളെ ഒഴിവാക്കി. ഇന്ത്യയുൾപ്പെടെയുള്ള ടീമുകൾ പിൻമാറി.

. ജർമ്മൻ ഒാപ്പൺ, പോളിഷ് ഒാപ്പൺ ബാഡ്മിന്റൺ ടൂർണമെന്റുകൾ ഉപേക്ഷിച്ചു.

. ഒളിമ്പിക് യോഗ്യതാ ബാസ്‌കറ്റ് ബാളിന്റെ വേദി ജപ്പാനിൽ നിന്ന് ബെൽഗ്രേഡിലേക്ക് മാറ്റി.

. വുഹാനിൽ നടക്കേണ്ടിയിരുന്ന ബോക്സിംഗ് യോഗ്യതാമത്സരങ്ങൾ ജോർദ്ദാനിലേക്ക് മാറ്റി.

. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ മത്സരങ്ങൾ മാറ്റിവച്ചു. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കാണികളില്ലാതെ നടത്താൻ തീരുമാനിച്ചു.

അഞ്ച് ഇറ്റാലിയൻ സെരി എ ഫുട്ബാൾ മത്സരങ്ങൾ മാറ്റിവച്ചിരിക്കുകയാണ്.

. ഗോൾഫ്, ജിംനാസ്റ്റിക്സ്, ഹാൻഡ് ബാൾ, ഹോക്കി തുടങ്ങിയ കായിക ഇനങ്ങൾക്കും കാെറോണ ബാധയേറ്റിട്ടുണ്ട്.

യൂറോ കപ്പിനെയും ബാധിച്ചേക്കും

യൂറോപ്പിലും രോഗം പടരുന്ന സാഹചര്യത്തിൽ വൻകരയിലെ 12 നഗരങ്ങളിലായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന യൂറോകപ്പ് ഫുട്ബാളും നീട്ടിവയ്ക്കേണ്ടിവരും. ഇനി 100 ദിവസമാണ് യൂറോകപ്പിന് ശേഷിക്കുന്നത്. ജൂൺ 12 നാണ് ഇറ്റലിയും തുർക്കിയും തമ്മിലുള്ള ആദ്യമത്സരം നിശ്ചയിച്ചിരിക്കുന്നത്.