university-of-kerala-logo

‌തിരുവനന്തപുരം: കേരള സർവകലാശാലയിൽ പരീക്ഷാ ഫലങ്ങളുടെ പുനഃപരിശോധനാ ചട്ടം ഭേദഗതി ചെയ്ത നടപടി തെ​റ്റായിപ്പോയെന്ന് സിൻഡിക്കേ​റ്റ് പരീക്ഷാ സ്ഥിരം സമിതി യോഗത്തിന്റെ വിലയിരുത്തൽ.

ഇപ്പോഴത്തെ സിൻഡിക്കേ​റ്റ് നിലവിൽ വരുന്നതിനു മുമ്പ് ചേർന്ന താൽക്കാലിക സിൻഡിക്കേ​റ്റ് സമിതിയാണ് ചട്ടം ഭേദഗതി ചെയ്തത്. പത്ത് ശതമാനത്തിൽ കൂടുതൽ മാർക്ക് കിട്ടിയ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണ്ണയം നടത്തേണ്ടതാണെന്നും കമ്മി​റ്റിയംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, വൈസ് ചാൻസലർ തലത്തിൽ നടപടികൾ സ്വീകരിക്കാൻ ധാരണയാവുകയായിരുന്നു. എന്നാൽ ചട്ട ഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നാണ് സമിതി നിലപാട്. അങ്ങനെയെങ്കിൽ 20 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച പേപ്പറുകളിൽ ആദ്യ മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരെ നടപടി വേണ്ടി വരും. അത് നടപ്പിലാക്കിയാൽ കൂടുതൽ സങ്കീർണമാകുമെന്നതിനാൽ പിഴ ഈടാക്കാനുള്ള ചട്ടം തല്ക്കാലം ഒഴിവാക്കാനും ആലോചിക്കുന്നുണ്ട്. 12 ന് ചേരുന്ന സിൻഡിക്കേ​റ്റ് യോഗം അന്തിമ തീരുമാനം കൈക്കൊള്ളും.

ആദ്യ പുനർമൂല്യനിർണയത്തിൽ പത്ത് ശതമാനത്തിലധികം മാർക്ക് കിട്ടിയാൽ വീണ്ടും മൂല്യനിർണയം നടത്തണമെന്ന ചട്ടം പിൻവലിച്ചതാണ് വിവാദമായത്. നൂറു കണക്കിന് വിദ്യാർത്ഥികളാണ് ഭേദഗതിയിലൂടെ പാസ്സായത്. ആദ്യ ഫലത്തെക്കാൾ പത്തു ശതമാനത്തിൽ കൂടുതൽ മാർക്ക് പുനർമൂല്യനിർണയത്തിൽ, കിട്ടിയാൽ വീണ്ടും മൂല്യനിർണയം നടത്തണം. രണ്ട് പുനർമൂല്യ നിർണയ ഫലങ്ങളുടെ ശരാശരി മാർക്ക് വിദ്യാർത്ഥിക്ക് നൽകണം. ഇതാണ് സർവകലാശാല ചട്ടം. കഴിഞ്ഞ ജൂണിൽ മൂന്നാമത്തെ മൂല്യനിർണയം പിൻവലിച്ച് കേരള സർവകലാശാല ചട്ടം ഭേദഗതി ചെയ്ത് ഒ​റ്റ പ്രാവശ്യം പുനർമൂല്യനിർണയം നടത്തി, അതിൽ കിട്ടുന്ന മാർക്ക് അനുവദിക്കുന്നതായിരുന്നു ഭേദഗതി. തുടർന്ന് നടന്ന ബിരുദ പരീക്ഷകളിൽ തോ​റ്റ വിദ്യാർത്ഥികൾക്കാണ് ഈ ഭേദഗതിയുടെ ഗുണം കിട്ടിയത്. ബിഎ, ബിടെക്, എൽഎൽബി പരീക്ഷകളിൽ തോ​റ്റ 400ഓളം കുട്ടികൾ, ഒ​റ്റത്തവണ പുനർമൂല്യനിർണയത്തിലൂടെ ജയിച്ചു.

പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യത്യാസമുണ്ടായാൽ ആദ്യ പേപ്പർ നോക്കിയ അധ്യാപകരിൽ നിന്ന് പിഴ ഈടാക്കണമെന്നാണ് ചട്ടം. ഇങ്ങനെ പിഴ ഈടാക്കാൻ പരീക്ഷാ വവിഭാഗം നടപടി ആരംഭിച്ചപ്പോൾ മൂന്നാം മൂല്യനിർണയം നിറുത്തലാക്കിയുള്ള ഭേദഗതി മുൻകാല പ്രാബല്യത്തോടെ സർവകലാശാല പിൻവലിച്ചു. ഇനി, ,പത്തു ശതമാനത്തിൽ കൂടുതൽ മാർക്ക് കിട്ടിയ ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയത്തിന് അയക്കണം. എന്നാൽ മാർക്ക് ലിസ്​റ്റുകൾ വിദ്യാർത്ഥികൾക്ക് നൽകിക്കഴിഞ്ഞു. പുനർമൂല്യനിർണയത്തിന് എടുക്കുന്ന കാലതാമസം ഒഴിവാക്കാനായിരുന്നു ചട്ട ഭേദഗതിയെന്നാണ് സർവകലാശാല പറഞ്ഞിരുന്നത്.