തിരുവനന്തപുരം: 'അറബ് നാരാ...' എന്നു തുടങ്ങുന്ന മാപ്പിള പാട്ട് ആലപിച്ച് നാദിറ മെഹ്റിൻ എഴുതി ചേർത്തത് പുതിയ ചരിത്രം. ചെമ്പഴന്തി എസ്. എൻ കോളേജിൽ നടന്ന മാപ്പിളപാട്ട് വേദിയിലേക്ക് നാദിറ നടന്നടക്കുമ്പോൾ ആദ്യമായിട്ട് ഒരു ട്രാൻസ്‌ജെന്റർ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ പങ്കെടുക്കുന്നുവെന്ന ഖ്യാതി പിറക്കുകയായിരുന്നു. സംഘാടകർ ട്രാൻസ്ജെന്ററിന് അവസരം തുറന്നിട്ട് സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യമൊരുക്കിയിരുന്നു.
2019ൽ സുൽത്താൻ ബത്തേരിയിൽ നടന്ന കോഴിക്കോട് സർവകലാശാല യുവജനോത്സവത്തിലാണ് കേരളത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെന്റർ വിദ്യാർത്ഥി പങ്കെടുത്തത്. മലപ്പുറം ഗവ. കോളേജിലെ ബി.എ വിദ്യാർത്ഥി റിയ ഇഷയാണ് അന്ന് ചരിത്രം സൃഷ്ടിച്ചത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി നാദിറ മെഹ്‌റിനെ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. ഈ ഇനത്തിൽ നാദിറയ്ക്ക് എതിരാളികാളാരും ഉണ്ടായിരുന്നില്ല. വരും നാളുകളിൽ കൂടുതൽ വിദ്യാർത്ഥികൾ ഈ വിഭാഗത്തിൽ മത്സരിക്കാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മാപ്പിള പാട്ട് രചയിതാവ് ഒ.എം. കരുവാരകുണ്ടിന്റെ ഇശൽ അറുപത്ത് അച്ചിൽതുണ്ടിൽ നിന്നുളള അറബ് നരാ എന്ന് തുടങ്ങുന്ന പാട്ട് സ്‌കൂൾ ക്ളാസിലെ നാദിറ ഹൃദ്യസ്ഥമാക്കിയിരുന്നു.
ട്രാൻസ് ജെൻഡർ സ്വത്വത്തിൽ പാടാൻ അവസരം ലഭിക്കുന്നത് ഇന്ത്യയിലുളള ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റിക്കുളള അംഗീകാരമാണെന്നും പാടിയതിന് ശേഷമുളള നിറഞ്ഞ കയ്യടികൾ ആത്മവിശ്വാസം നൽകുന്നതാണെന്നും നാദിറ പറഞ്ഞു.
നാലു വർഷമായി സ്വതന്ത്രമായാണ് നാദിറ ജീവിക്കുന്നത്. തിരുവനന്തപുരം എ.ജെ കോളേജിൽ നിന്ന് ജേണലിസത്തിൽ ഡിഗ്രി എടുത്തു. കേരള യൂണിവേഴ്സിറ്റിയിലെ ആദ്യ ട്രാൻസ് ജെൻഡർ വിദ്യാർത്ഥി, ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നിങ്ങനെ നാദിറയുടെ നേട്ടങ്ങൾ നിരവധി.
സംസ്ഥാന സർക്കാരിന്റെ റിസോഴ്സ് പേഴ്സണായും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥി സംഘടനയായ എ.എെ.എസ്.എഫിന്റെ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. വരും ദിവസങ്ങളിൽ കഥാ പ്രസംഗം, നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി എന്നീ വിഭാഗത്തിലും പങ്കെടുക്കുന്നുണ്ട്.