india-womens-cricket
india womens cricket

ഇന്ത്യയുടെ സെമി നാളെ, രണ്ടാംസെമിയിൽ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും

സിഡ്നി : ആസ്ട്രേലിയയിൽ നടക്കുന്ന വനിതാ ട്വന്റി - 20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനൽ ഫിക്‌സ്ചർ വ്യകതമായി. നാളെ നടക്കുന്ന ആദ്യ സെമിയിൽ എ ഗ്രൂപ്പ് ചാമ്പ്യൻമാരായ ഇന്ത്യ ബി ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായ ഇംഗ്ളണ്ടിനെ നേരിടും. നാളെത്തന്നെ രണ്ടാം സെമിയിൽ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ബി ഗ്രൂപ്പ് ചാമ്പ്യൻമാരാണ് ദക്ഷിണാഫ്രിക്ക. ആസ്ട്രേലിയ എ ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും.

ഇന്നലെ ബി ഗ്രൂപ്പിൽ നടക്കേണ്ടിയിരുന്ന അവസാന മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് നോക്കൗട്ട് ഫിക്‌‌സ്ചർ വ്യക്തമായത്. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ബി ഗ്രൂപ്പ് മത്സരം ഒറ്റ പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചപ്പോൾ തായ്‌ലൻഡ് പാകിസ്ഥാനെതിരെ 150/3 എന്ന സ്കോർ ഉയർത്തിയപ്പോഴേക്കും കളി മുടക്കി.

ഗ്രൂപ്പ് റൗണ്ടിലെ നാല് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയിരിക്കുന്നത്. ആദ്യമത്സരത്തിൽ ആസ്ട്രേലിയയെ 17 റൺസിന് അട്ടിമറിച്ച് ഹർമൻ പ്രീത് കൗറും കൂട്ടരും തുടർന്ന് ബംഗ്ളാദേശിനെ 18 റൺസിനും ന്യൂസിലാൻഡിനെ മൂന്ന് റൺസിനും ശ്രീലങ്കയെ ഏഴ് വിക്കറ്റിനും കീഴടക്കി. ആദ്യകളിയിൽ ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിന് തോറ്റ ഇംഗ്ളണ്ട് തുടർന്ന് തായ്‌ലാൻഡ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നിവരെ കീഴടക്കിയാണ് സെമി ബർത്ത് നേടിയത്. ടൂർണമെന്റിൽ ഇതുവരെ ഒാരോ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമടക്കം 193 റൺസ് നേടി റൺ വേട്ടയിൽ രണ്ടാംസ്ഥാനത്തുള്ള ഹീതർ നൈറ്റാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്.

പോയിന്റ് നില

(ടീം, കളി ജയം, തോൽവി, ഉപേക്ഷിച്ചത്, പോയിന്റ് ക്രമത്തിൽ)

ഗ്രൂപ്പ് എ

ഇന്ത്യ 4-4-0-0-8

ആസ്ട്രേലിയ 4-3-1-0-6

ന്യൂസിലാൻഡ് 4-2-2-0-4

ശ്രീലങ്ക 4-1-3-0-2

ബംഗ്ളാദേശ് 4-0-4-0-0

ഗ്രൂപ്പ് ബി

ദക്ഷിണാഫ്രിക്ക 4-3-0-1-7

ഇംഗ്ളണ്ട് 4-3-1-0-6

വെസ്റ്റ് ഇൻഡീസ് 4-1-2-1-3

പാകിസ്ഥാൻ 4-1-2-1-3

തായ്‌ലാൻഡ് 4-0-3-1-1

9.30 am

ഇന്ത്യ Vs ഇംഗ്ളണ്ട് സെമി

1.30 pm

ആസ്ട്രേലിയ Vs ദക്ഷിണാഫ്രിക്ക

ഇൗ ലോകകപ്പിൽ ഫൈനലിലെത്താൻ ഏറ്റവും സാദ്ധ്യതയുള്ള ടീം ഇന്ത്യയാണ്. ഇംഗ്ളണ്ടിന് ഏറെ പണിപ്പെട്ടാൽ മാത്രമേ ഇന്ത്യയെ തടുത്തുനിറുത്താൻ കഴിയൂ.

ബ്രെറ്റ്‌ലി

മുൻ ഒാസീസ് ക്രിക്കറ്റർ