തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണങ്ങൾ വരുമ്പോൾ വ്യക്തി വൈരാഗ്യങ്ങളും മൂപ്പിളമ തർക്കങ്ങളും മാറ്റിവച്ച് എഴുത്തുകാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം.സുകുമാരൻ ഫൗണ്ടേഷൻ ഉദ്‌ഘാടനവും പുസ്തകപ്രകാശവും പുരസ്‌കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയുമടിക്കാതെ വർഗീയത അവസാനിക്കില്ല. മറ്റുള്ളവരുടെ ശവപ്പെട്ടിയിൽ ആണിയടിക്കുന്ന ശബ്ദമല്ലേ കേൾക്കുന്നതെന്ന് കരുതി മാറിനിന്നാൽ പിന്നീട് വിലപിക്കാനേ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ഗംഗാധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.സുകുമാരൻ എഴുതിയ അഴിമുഖം എന്ന നോവലിന്റെ പ്രകാശനം പി.ബി.അംഗം എം.എ.ബേബിക്ക് നൽകി മുഖ്യമന്ത്രി നിർവഹിച്ചു ഇ.കെ.ഷീബ, കെ.എൻ.രവീന്ദ്രനാഥ് എന്നിവർക്ക് എം.സുകുമാരൻ സ്‌മാരക അവാർഡ് വിതരണം ചെയ്‌തു. ഫൗണ്ടേഷൻ സെക്രട്ടറി ആർ.കൃഷ്ണകുമാർ,ബോർഡ് അംഗം വി.ശ്രീകുമാർ, പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ് ഷാജി എൻ.കരുൺ, ജില്ലാ സെക്രട്ടറി സി.അശോകൻ തുടങ്ങിയവർ പങ്കെടുത്തു.