തിരുവനന്തപുരം: യുവജനോത്സവ വേദിയിൽ ആദ്യമായി മത്സരിക്കാനെത്തിയ മിലൻ മടങ്ങുന്നത് തങ്കത്തിളക്കമാർന്ന രണ്ടാം സ്ഥാനവുമായി. സ്വാതി തിരുനാൾ സംഗീത കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ മിലൻ കഴിഞ്ഞ ആറു വർഷമായി ഓടക്കുഴൽ അഭ്യസിക്കുന്നു. എന്നാൽ ഇതുവരെയും കലോത്സവങ്ങളിൽ മത്സരത്തിൽ പങ്കെടുത്തിരുന്നില്ല. ഇക്കുറി ആദ്യമായാണ് ഓടക്കുഴലിൽ ഒരു കൈ നോക്കാമെന്നു തീരുമാനിച്ചത്. ആദ്യ വരവിൽ തന്നെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പോത്തൻകോട് തെറ്റിച്ചിറ കടയിൽ വീട്ടിൽ വി. ശ്യാംലാലിന്റെ മകനായ മിലൻ പഠനത്തോടൊപ്പം സംഗീത പരിപാടികളിലും സജീവമാണ്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഗാനമേള ട്രൂപ്പുകളുടെ ഭാഗമാണ്.