renji-trophy
renji trophy

കൊൽക്കത്ത : സൂപ്പർ താരങ്ങൾ നിറഞ്ഞ കർണാടക ടീമിനെ സെമിഫൈനലിൽ 174 റൺസിന് കീഴടക്കി ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ ഇടംപിടിച്ചു. 13 വർഷങ്ങൾക്കുശേഷമാണ് ബംഗാൾ രഞ്ജി ഫൈനലിലേക്ക് യോഗ്യത നേടുന്നത്. 2007 ലാണ് ഇതിന് മുമ്പ് ബംഗാൾ ഫൈനലിലെത്തിയിരുന്നത്. അന്ന് മുംബയ്‌യോട് തോറ്റു. സൗരവ് ഗാംഗുലി രഞ്ജി അരങ്ങേറ്റം കുറിച്ച 1989-90 സീസണിലാണ് ബംഗാൾ രഞ്ജി ചാമ്പ്യൻഷിപ്പ് അവസാനമായി നേടിയത്.

കൊൽക്കത്തയിൽ നടന്ന സെമിഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ ബംഗാൾ 312 റൺസെടുത്തിരുന്നു. കർണാടകത്തിന്റെ ഒന്നാം ഇന്നിംഗ്സ് 122 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിൽ ബംഗാൾ 261 റൺസ് നേടിയപ്പോൾ 352 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കർണാടക നാലാംദിനം 177 റൺസിന് ആൾ ഒൗട്ടായി. ആദ്യ ഇന്നിംഗ്സിൽ 149 റൺസും രണ്ടാം ഇന്നിംഗ്സിൽ 41 റൺസും നേടി തിളങ്ങിയ അൻസ്തൂപ് മജുംദാറാണ് മാൻ ഒഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്സിൽ ബംഗാളിന് വേണ്ടി ഇശാൻ പൊരേൽ അഞ്ചുവിക്കറ്റും ആകാശ് ദീപ് മൂന്ന് വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് സ്വന്തമാക്കിയ മുകേഷ് കുമറാണ് ബംഗാൾ നിരയിൽ തിളങ്ങിയത്.

ഗുജറാത്തും സൗരാഷ്ട്രയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ഒൻപതിന് തുടങ്ങുന്ന ഫൈനലിൽ ബംഗാൾ നേരിടേണ്ടത്. നാലാംദിനം കളിനിറുത്തുമ്പോൾ 327 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് 7/1 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ സൗരാഷ്ട്ര 304 റൺസടിച്ചപ്പോൾ ഗുജറാത്ത് 252 ന് ആൾ ഒൗട്ടായി. രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്ര 274 റൺസ് നേടി.