
മലയിൻകീഴ്: മൂക്കുന്നിമലയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന് ക്രൂരമർദ്ദനം. മലയം വേങ്കൂർ മുളയറത്തലയ്ക്കൽ വീട്ടിൽ ഉത്തമനാണ് (56) മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് മലയം സ്വദേശി ജലജൻ അസഭ്യം പറഞ്ഞശേഷം കൈയിൽ കരുതിയിരുന്ന ചൂട് ചായ മുഖത്തൊഴിച്ചശേഷം പാറക്കല്ലുകൊണ്ട് ഉത്തമന്റെ കണ്ണിനുതാഴെ ഇടിക്കുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് താഴെ വീണ ഉത്തമനെ ഇയാൾ വീണ്ടും മർദ്ദിച്ചു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉത്തമനെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജലജനെതിരെ കേസെടുക്കുമെന്ന് എസ്.ഐ സൈജു പറഞ്ഞു. നിരവധി കേസുകൾ ജലജനെതിരെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിലുണ്ടെന്നും എസ്.ഐ പറഞ്ഞു.