hardik-pandya
hardik pandya

മുംബയ് : നടുവിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നതിനെതുടർന്ന് അഞ്ചുമാസമായി വിശ്രമിക്കുകയായിരുന്ന ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്തുകഴിഞ്ഞ ഹാർദിക് കഴിഞ്ഞദിവസം മുംബയിൽ നടന്ന പ്രാദേശിക ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഫിറ്റ്‌നസ് ടെസ്റ്റിനിറങ്ങിയെങ്കിലും ഹാർദിക്കിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ന്യൂസിലാൻഡ് പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നത്. ഇൗമാസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഹാർദിക് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയേക്കും.

ഇന്ത്യ ഒന്നാം റാങ്കിൽ

വിരാട് രണ്ടാമത് തന്നെ

ദുബായ് : ന്യൂസിലാൻഡിനെതിരായ രണ്ട് മത്സര പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്.

ബാറ്റ്സ്‌മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി രണ്ടാംസ്ഥാനത്ത് തുടരുകയാണ്. സ്റ്റീവൻസ്മിത്താണ് ഒന്നാം റാങ്കിൽ. ചേതേശ്വർ പുജാര ഏഴാം റാങ്കിലും അജിങ്ക്യ രഹാനെ ഒൻപതാം റാങ്കിലുമുണ്ട്. ബൗളർമാരുടെ പട്ടികയിൽ ജസ്‌പ്രീത് ബുംറ ഏഴാം റാങ്കിലാണ്. ആൾറൗണ്ടർമാരിൽ ജഡേജ മൂന്നാംസ്ഥാനത്തും അശ്വിൻ അഞ്ചാം സ്ഥാനത്തുമാണ്.

ഗൗരവ് സോളങ്കി പ്രീക്വാർട്ടറിൽ

അമ്മൻ : ജോർദാനിൽ നടക്കുന്ന ഏഷ്യൻ ഒളിമ്പിക് ക്വാളിഫൈയിംഗ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ബോക്സർ ഗൗരവ് സോളങ്കി പ്രീക്വാർട്ടിലെത്തി. ആദ്യറൗണ്ടിൽ കിർഗിസ്ഥാന്റെ അഖിൽബേവിനെയാണ് ഗൗരവ് തോൽപ്പിച്ചത്.

ഡ്യൂലോഫ്യൂവിന് പരിക്ക്

ലണ്ടൻ : കഴിഞ്ഞദിവസം ലിവർപൂളിനെതിരെ 3- 0ത്തിന് വിജയം നേടിയ പ്രിമിയർലീഗ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വാറ്റ്‌ഫോർഡിന്റെ വിംഗർ ജെറാഡ് ഡ്യൂലോഫ്യൂവിന് പരിക്ക് മൂലം ഇൗ സീസണിലെ ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകും.

കൈ കൊടുക്കില്ലെന്ന്

ഇംഗ്ളണ്ട് താരങ്ങൾ

ലണ്ടൻ : ഇൗ മസം നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ കൊറോണ വൈറസ് ഭീഷണി കാരണം പരസ്പരവും എതിർതാരങ്ങൾക്കും ഷേക് ഹാൻഡ് നൽകില്ലെന്ന് ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ക്യാപ്ടൻ ജോ റൂട്ട് അറിയിച്ചു.

ആഴ്സനൽ ക്വാർട്ടറിൽ

ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ പോർട്ട്സ് മൗത്തിനെ 2-0 ത്തിന് കീഴടക്കി ആഴ്സനൽ എഫ്.എ കപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിലെത്തി. സോക്രട്ടീസ് പാപസ്തോ പൗലോസും എഡ്‌ഢി ഖേതിയായുമാണ് ഗോളുകൾ നേടിയത്. 1958 നുശേഷം ഇതുവരെ ആഴ്സനലിനെ തോൽപ്പിക്കാൻ കഴിയാത്ത ടീമാണ് പോർട്സ് മൗത്ത്.