തിരുവനന്തപുരം: സി.പി.എം പ്രവർത്തകൻ വഞ്ചിയൂർ സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയും ആർ.എസ്.എസ് നേതാവുമായ അനിയെ ( 50) പത്ത് വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ച അഞ്ചരയോടെ മണികണ്ഠേശ്വരത്തെ ഒരു വീട്ടിൽ നിന്നാണ് ശംഖുംമുഖം എ.സിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിലെ 14ാം പ്രതിയാണ്. അസം അടക്കം പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പ്രതി തിരുവനന്തപുരത്ത് എത്തിയതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട് വളഞ്ഞ് പിടിക്കുകയായിരുന്നു.
16 പ്രതികളുള്ള കേസിൽ ഇയാൾ മാത്രമാണ് ഒളിവിൽ പോയത്. മറ്റ് പ്രതികളെല്ലാം വിചാരണനേരിട്ടു. ഇതിൽ 13 പേരെയും ശിക്ഷിച്ചു. ഇതിൽ 12 പ്രതികൾ ജയിലിലാണ്. ഇവരിൽ 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും ഒരാൾക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. മൂന്നുവർഷം തടവിന് വിധിച്ച മറ്റൊരു പ്രതി ജാമ്യത്തിലാണ്. ഒരു പ്രതിയെ വെറുതേ വിട്ടു. മറ്റൊരു പ്രതി ജാമ്യത്തിൽ കഴിയവേ കൊല്ലപ്പെട്ടു. പ്രതികളെല്ലാം ആർ.എസ്.എസ് നേതാക്കളും പ്രവർത്തകരുമാണ്.
2008 ഏപ്രിൽ ഒന്നിനാണ് കൈതമുക്ക് പാസ്‌പോർട്ട് ഓഫീസിനുമുന്നിൽവച്ചാണ് വിഷ്ണു കൊല്ലപ്പെട്ടത്. ആർ.എസ്.എസുകാരെ ആക്രമിച്ച കേസിലും കാര്യാലയം അടിച്ചുതകർത്ത കേസിലും വിഷ്ണു പ്രതിയായിരുന്നു. ഈ രാഷ്ട്രീയവിരോധം കാരണം പ്രതികൾ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.
പ്രതികൾക്ക് ആകെ ആറുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും നാലാം അതിവേഗ കോടതിയ ശിക്ഷിച്ചു. ഓരോ പ്രതിക്കും 55,000 രൂപ വീതമാണ് പിഴ. പിഴത്തുകയിൽ മൂന്നുലക്ഷം രൂപ കൊല്ലപ്പെട്ട വിഷ്ണുവിന്റെ മാതാപിതാക്കൾക്ക് നൽകാനുമായിരുന്നു ഉത്തരവ്.
ആർ.എസ്.എസ്. പദ്മനാഭനഗർ കാര്യവാഹക് കൈതമുക്ക് കോഴിയോട്ട് ലെയ്ൻ ഹനീഷാ ഹൗസ് വിളയിൽമുടുക്കിൽ സന്തോഷ് (35), മുഖ്യശിക്ഷക് കേരളാദിത്യപുരം ചെറുവാക്കോട്ടുകോണം പുത്തൻവീട്ടിൽ മനോജ് (35), മുഖ്യശിക്ഷക് കേരളാദിത്യപുരം പാലന്തറയിൽ ബിജുകുമാർ (38), മണക്കാട് കുര്യാത്തി അനന്തപുരം റസിഡന്റ്സ് രേവതിയിൽ രഞ്ജിത്കുമാർ (36), കേരളാദിത്യപുരം മലപ്പരിക്കോണം സുനിൽ നിവാസിൽ ബാലുമഹേന്ദ്രൻ (36), മുഖ്യശിക്ഷക് ആനയറ ഊളൻകുഴി കിഴക്കേതിൽ വീട്ടിൽ വിപിൻ (35), ശംഖുംമുഖം നഗർ കാര്യവാഹ്ക് ആനയറ കുടവൂർ പാട്ടുവിളാകത്തുവീട്ടിൽ സതീഷ് (40), പേട്ട റെയിൽവേഗേറ്റിന് സമീപം പാണക്കുഴി വീട്ടിൽ ബോസ് (31), വട്ടിയൂർക്കാവ് മണ്ണറക്കോണം അഗസ്ത്യാർമഠം ലെയ്നിൽ വെൺമണൽ മുംതാസ് മഹലിൽ സതീഷ് (30), കേരളാദിത്യപുരം മൈലപ്പള്ളി ദേവീക്ഷേത്രത്തിന് സമീപം സൗഹൃദ നഗർ കുഞ്ചുമൈലാപ്പള്ളി വീട്ടിൽ ഹരിലാൽ (47), നാലാഞ്ചിറ ചെഞ്ചേരി ലക്ഷംവീട് കോളനിയിൽ വിനോദ്കുമാർ (45), ശ്രീകാര്യം ചെക്കാലമുക്ക് പുത്തൻകോട് ലെയ്നിൽ കൊടിയിൻ വീട്ടിൽ സുഭാഷ്‌കുമാർ (36), കരിക്കകം പുന്നയ്ക്കാേതാപ്പ് കൈലാസത്തിൽ ശിവലാൽ (42) എന്നിവരെയാണ് ശിക്ഷിച്ചത്.