മലദ്വാരസംബന്ധിയായ രോഗങ്ങളിൽ പൈൽസിനെപ്പറ്റി പൊതുജനങ്ങളിൽ പൊതുവായ അറിവ് ഉണ്ടെങ്കിലും ഫിസ്റ്റുല രോഗത്തെപ്പറ്റി മികച്ച ധാരണ കാണുന്നില്ല. പലപ്പോഴും മലദ്വാര സമീപമായുണ്ടാകുന്ന പരുക്കൾ പൊട്ടിയാണ് ഇത്തരം നാളങ്ങൾ ഉണ്ടാകുന്നത്. ഇവയിൽ മലനിയന്ത്രണശേഷി നൽകുന്ന വലയപേശികളുമായി ബന്ധമില്ലാത്ത ലളിത ഫിസ്റ്റുലകൾ താരതമ്യേന സങ്കീർണതകളില്ലാതെ ചികിത്സിച്ചു മാറ്റാനാവുമെങ്കിലും വലയപേശികളെ തുളച്ച് മലദ്വാരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന സങ്കീർണ ഫിസ്റ്റുലകളിൽ പലപ്പോഴും സർജറി പരാജയപ്പെടുന്നതോടൊപ്പം സങ്കീർണതകളും വരുത്തിവയ്ക്കുന്നു.
സങ്കീർണ ഫിസ്റ്റുലയുടെ സർജറിക്കു ശേഷം രണ്ട് തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. 1. സർജറിക്കുശേഷം ഉടൻ ഉണ്ടാകുന്നത്. 2. സർജറിക്കുശേഷം തുടങ്ങി വളരെക്കാലം നീണ്ടുനിൽക്കുന്നവ.
ഉടൻ ഉണ്ടാകുന്ന സങ്കീർണതകൾ അമിതമായ രക്തസ്രാവം, അനസ്തേഷ്യയുടെ പാർശ്വഫലങ്ങൾ, അസഹനീയമായ വേദന, മുറിവിലുണ്ടാകുന്ന രോഗാണുബാധ, കഠിനമായ മൂത്രതടസം, ആന്തരീകാവയവങ്ങളിലേക്ക് കടക്കുന്ന അണുബാധ കാരണമുള്ള ഫിഷർ, കഠിനമായ മലബന്ധം തുടങ്ങിയവയാണ്.
നീണ്ടുനിൽക്കുന്ന സങ്കീർണതകളിൽ ഏറ്റവും പ്രധാനം മലദ്വാരത്തിനുണ്ടാകുന്ന അമിത സങ്കോചം, മലനിയന്ത്രണ ശേഷി നഷ്ടപ്പെടുക, മാറാതെ നീണ്ടുനിൽക്കുന്ന വേദന, ഉണങ്ങാത്ത വ്രണങ്ങൾ രൂപപ്പെടുക, രോഗം ആവർത്തിച്ചു വന്നുകൊണ്ടിരിക്കുക തുടങ്ങിയവയാണ്.
സർജറിയെ തുടർന്ന് ഉടൻ ഉണ്ടാകുന്ന സങ്കീർണതകൾ മിക്കവാറും എല്ലാം തന്നെ ചികിത്സിച്ചു ഭേദപ്പെടുത്താനാവുമെങ്കിലും നീണ്ടുനിൽക്കുന്ന സങ്കീർണതകളിൽ പരാമർശിക്കപ്പെട്ട അവസ്ഥകൾ ചികിത്സിച്ച് ഭേദപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്.
ആയുർവേദത്തിന്റെ സംഭാവനയായ ആയുർവേദിക് സെറ്റോൺ തെറാപ്പി എന്ന അഡ്വാൻസ്ഡ് ക്ഷാര - സൂത്ര ചികിത്സയിലൂടെ യാതൊരു സങ്കീർണതകളുമില്ലാതെ ഫിസ്റ്റുല രോഗം പൂർണമായും ചികിത്സിച്ചു ഭേദപ്പെടുത്താൻ കഴിയും. കീറലോ മുറിക്കലോ ഇല്ലാത്ത ഈ ചികിത്സയ്ക്ക് ആശുപത്രിവാസം ആവശ്യമില്ല. ചികിത്സാകാലയളവിൽ രോഗിക്ക് സ്വന്തം ജോലിയിൽ തുടരാനാകും എന്നത് മെച്ചമാണ്. വിദേശത്തുനിന്നുപോലും രോഗികൾ ഈ ചികിത്സ തേടി ഇന്ത്യയിലെത്തുന്നു എന്നത് ഈ ചികിത്സയുടെ ഉയർന്ന ഫലപ്രാപ്തിയാണ് കാണിക്കുന്നത്.