കണ്ണും കാതും മനഃസാക്ഷിയും ഇല്ലാത്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരകളാണ് കൊല്ലം പുത്തൂരിൽ കഴിഞ്ഞ ദിവസം ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച ശിവജിത്ത് എന്ന അഞ്ചുവയസുകാരനും വയനാട് മേപ്പാടിയിൽ സനൽ എന്ന നാല്പത്തിരണ്ടുകാരനും. രണ്ടുപേരും വീടെന്ന സ്വപ്നവുമായി കഴിഞ്ഞവരാണ്. ലൈഫ് മിഷന്റെ 2,14,000 വീടുകൾ പൂർത്തീകരിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം ശനിയാഴ്ച മുഖ്യമന്ത്രി നിർവഹിച്ചതിന്റെ മാറ്റൊലി അടങ്ങുന്നതിനുമുമ്പു നടന്ന ഈ രണ്ട് അപമൃത്യുവും സർക്കാരിനു മുമ്പിൽ നിസ്സഹായതയുടെ വലിയ ചോദ്യമാണ് ഉയർത്തുന്നത്.
പുത്തൂരിലെ പറക്കമുറ്റാത്ത ശിവജിത്തിന്റെ നിർദ്ധനരായ മാതാപിതാക്കൾ സ്വന്തമായുള്ള മൂന്ന് സെന്റിൽ മൺകട്ടയും പ്ളാസ്റ്റിക് ഷീറ്റുമൊക്കെ വച്ചു കെട്ടിയുണ്ടാക്കിയ ഒറ്റമുറി കൂരയിലാണ് കഴിയുന്നത്. ഇഴജന്തുക്കൾക്ക് യഥേഷ്ടം കയറിയിറങ്ങാവുന്ന പേരിനു പോലും അടച്ചുറപ്പില്ലാത്ത ആ കൂരയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് രാത്രിയിൽ എപ്പോഴോ ആ കുരുന്നിനെ പാമ്പുകടിച്ചത്. എന്താണു സംഭവിച്ചതെന്നുപോലും മനസിലാക്കാനാകാതെ ചൊവ്വാഴ്ച രാവിലെ കുട്ടിയെ നാട്ടുചികിത്സകയുടെ അടുത്തേക്കും പിന്നീട് ആശുപത്രികളിലേക്കും കൊണ്ടുപോകുന്നതിനിടെയാണ് മരണമുണ്ടായത്. പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട പ്രാഥമികപാഠം പോലും വശമില്ലാത്ത മാതാപിതാക്കളുടെ അജ്ഞതയും ഒരുപക്ഷേ ഈ വിധിനിയോഗത്തിന് കാരണമായിട്ടുണ്ടാകാം. ഇവിടെ പക്ഷേ അതിനെക്കാളൊക്കെ ആരുടെയും മനസിൽ ആദ്യം ഓടിയെത്തുക അവൻ രാത്രിയിൽ ഉറങ്ങിയ ആ കൂരയുടെ ദയനീയ ചിത്രം തന്നെയായിരിക്കും. ഓഹരിയായി മൂന്ന് സെന്റ് ഭൂമി സ്വന്തമായുണ്ടായിട്ടും ചെറിയൊരു വീട് നിർമ്മിക്കാൻ ശിവജിത്തിന്റെ പിതാവ് മണിക്കുട്ടന് സാമ്പത്തികശേഷിയില്ലാതെ പോയി. കൂലിപ്പണിയിൽ നിന്നു ലഭിക്കുന്ന തുച്ഛ വരുമാനം കുടുംബച്ചെലവിനല്ലാതെ വേറൊന്നിനും തികയുകയില്ല. ഭവനനിർമ്മാണ പദ്ധതി പ്രകാരം മണിക്കുട്ടന്റെ കൊച്ചുകുടുംബത്തിനും സർക്കാർ സഹായത്തിന് അർഹതയുള്ളതാണ്. പക്ഷേ കൂരവച്ചു കഴിയുന്ന ഒരുതുണ്ടു ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖയില്ലാത്തതിന്റെ പേരിൽ പഞ്ചായത്ത് അധികൃതർ മണിക്കുട്ടന്റെ അപേക്ഷ തടഞ്ഞുവയ്ക്കുകയായിരുന്നു. പട്ടികജാതിക്കാരനായിട്ടും ഒരുവിധ ആനുകൂല്യങ്ങളും ലഭിച്ചില്ല. കുട്ടി പാമ്പുകടിയേറ്റു മരിച്ച വിവരം പുറത്തുവന്നതിനെത്തുടർന്നാണ് അധികൃതർക്ക് ബോധോദയമുണ്ടായത്. റേഷൻ കാർഡിൽ മണിക്കുട്ടന്റെ ഭാര്യയുടെ പേര് ഇല്ലാത്തതു കാരണമാണ് സഹായത്തിനുള്ള അപേക്ഷ പാസാകാതെ പോയതത്രെ. വിചാരിച്ചാൽ ഒരുദിവസം കൊണ്ടു പരിഹരിക്കാവുന്ന സാങ്കേതികപ്രശ്നം മാത്രമാണിത്. എന്നിട്ടും അപേക്ഷകനോട് ഇത്രനാളും മുഖം തിരിച്ചുനിന്ന പഞ്ചായത്ത് അധികൃതർ മനുഷ്യത്വത്തിനു യാതൊരു വിലയും കല്പിക്കുന്നില്ല എന്നല്ലേ മനസിലാക്കേണ്ടത്. റൂളും ചട്ടവുമൊക്കെ ഉയർത്തിക്കാട്ടി അക്ഷരാഭ്യാസം കുറവായ പാവങ്ങളെ ആട്ടിയോടിക്കുന്നതിൽ ആത്മീയസുഖം കണ്ടെത്തുന്ന ഉദ്യോഗസ്ഥ സംവിധാനം നാട്ടിലെവിടെയും ജനങ്ങളുടെ നെറുകയിൽ കയറിനിന്നു നൃത്തം ചവിട്ടുകയാണ്. സർക്കാർ നല്ല ലക്ഷ്യത്തോടെ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണം എങ്ങനെ നിഷേധിക്കാനാവുമെന്നാണ് അവർ നോക്കുന്നത്. സാങ്കേതികതകളിൽ കുടുക്കി പതിനായിരക്കണക്കിന് അപേക്ഷകളാണ് സർക്കാർ ഓഫീസുകളിൽ കെട്ടിവച്ചിട്ടുള്ളത്. അപേക്ഷയിൽ തീരുമാനമായോ എന്നറിയാൻ എത്തുന്ന പാവങ്ങളെ നിഷ്കരുണം മടക്കി അയയ്ക്കുന്നതിൽ ആനന്ദമടയുന്ന ഉദ്യോഗസ്ഥർ എന്തു ജനസേവനമാണ് നടത്തുന്നത്.
പുത്തൂരിൽ പിഞ്ചുബാലൻ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാതെയാണ് അപമൃത്യുവിനിരയായതെങ്കിൽ വയനാട് മേപ്പാടിയിൽ സനൽ എന്ന ചെറുപ്പക്കാരന്റെ അന്ത്യം കൂടുതൽ ദാരുണസ്വഭാവമുള്ളതാണ്. സ്വന്തമായി ഭൂമിയില്ലാത്ത ലക്ഷങ്ങളിലൊരാളായിരുന്നു സനലും. പുറമ്പോക്കിൽ വീടുവച്ചാണ് കുടുംബം കഴിഞ്ഞുവന്നത്. 2018-ലെ മഹാപ്രളയത്തിൽ വീടിന്റെ വലിയൊരു ഭാഗം ഇടിഞ്ഞു. തൊട്ടടുത്ത വർഷത്തെ വെള്ളപ്പൊക്കത്തിൽ ശേഷിച്ച ഭാഗവും. വീട് നഷ്ടമായ സനലിന്റെ കുടുംബം പിന്നീട് കൂട്ടുകാർ താത്കാലികമായി നിർമ്മിച്ചുകൊടുത്ത ഒരു ഷെഡ്ഡിലാണ് താമസം. ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടുമെന്ന പ്രതീക്ഷയിൽ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്ന സനൽ അധികൃതരുടെ നിഷേധാത്മക സമീപനം കണ്ട് മനസുമടുത്ത് ഷെഡ്ഡിൽത്തന്നെ ഇക്കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങിമരിക്കുകയായിരുന്നു. പുറമ്പോക്കിൽ കഴിഞ്ഞിരുന്ന സനലിന് വീടോ വീടുവയ്ക്കാൻ സഹായമോ നൽകാൻ ചട്ടമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തും റവന്യൂ അധികൃതരും അപേക്ഷ തടഞ്ഞുവച്ചത്. എന്നാൽ സനൽ തൂങ്ങിമരിച്ചതിനു പിന്നിലെ വസ്തുതകൾ പുറത്തു പരന്നതോടെ അധികൃതർ വിശദീകരണവുമായി എത്തി. ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ ഗുണഭോക്താക്കളുടെ പട്ടികയിൽ സനലിന്റെ പേര് ആദ്യം ഉൾപ്പെടുത്തിയിരുന്നുവെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. നാലുലക്ഷം രൂപയുടെ സഹായത്തിനും അർഹതയുണ്ടെന്ന വിവരവും സനൽ ജീവനൊടുക്കിയ ശേഷമാണ് അധികൃതർ അറിയിക്കുന്നത്. രണ്ട് പെൺകുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ അനാഥമാക്കി സനൽ ഭൂമിയോടുതന്നെ വിടപറയുമ്പോൾ വീണ്ടും തെളിയുന്നത് സർക്കാർ സംവിധാനങ്ങളുടെ മനുഷ്യത്വവിരുദ്ധവും ക്രൂരവുമായ മുഖം തന്നെയാണ്. ഇപ്പോൾ ചൊരിയുന്ന വാഗ്ദാനങ്ങൾ മൂന്നുദിവസം മുമ്പായിരുന്നെങ്കിൽ പാവപ്പെട്ട ആ ചെറുപ്പക്കാരന് തന്റെ കുടുംബത്തെ അനാഥമാക്കേണ്ടി വരുമായിരുന്നില്ല. പുത്തൂരെ ശിവജിത്തിന്റെയും മേപ്പാടിയിലെ സനലിന്റെയും ദുരന്തകഥകൾ ആദ്യത്തേതോ അവസാനത്തേതോ ആവില്ല. കാലാകാലങ്ങളായി നടന്നുവരുന്നതാണ്. ഓരോ ദാരുണ സംഭവമുണ്ടാകുമ്പോഴും ഇനി ഇത്തരമൊന്ന് ആവർത്തിക്കാനനുവദിക്കില്ലെന്ന വാഗ്ദാനവുമായി സർക്കാർ എത്താറുണ്ട്. പിന്നെയും നിരവധി ആവർത്തനങ്ങളുണ്ടാകും. ഉദ്യോഗസ്ഥന്മാരുടെ നിഷേധാത്മക സമീപനവും ചുവപ്പുനാടയുടെ അഴിയാക്കുരുക്കുകളും എത്രയോ കുടുംബങ്ങളുടെ ഭദ്രത തകർത്തുകൊണ്ട് ആടിത്തിമിർക്കും. കൃത്യവിലോപം എത്രതന്നെ ഗുരുതര സ്വഭാവത്തിലുള്ളതാണെങ്കിലും ശിക്ഷിക്കപ്പെടുകയില്ലെന്നു ബോദ്ധ്യമുള്ളതുകൊണ്ടാണ് പാവപ്പെട്ടവരോട് ഇതുപോലുള്ള ക്രൂര സമീപനമുണ്ടാകുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളുമൊക്കെ മനുഷ്യർക്കു വേണ്ടി ഉണ്ടാക്കുന്നവയാണ്. നിരാലംബരുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കി ആവശ്യമായ ഇടങ്ങളിൽ അവരെ സഹായിക്കുമ്പോഴാണ് സർക്കാരിന്റെയും സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും പ്രതിബദ്ധത ബോദ്ധ്യമാവുക.