ep-jayarajan

തിരുവനന്തപുരം: കാസർകോട്ടെ ഭെല്ലിന്റെ 51ശതമാനം ഓഹരി സംസ്ഥാനം ഏറ്റെടുത്തെങ്കിലും വിൽപ്പന കരാർ ഒപ്പിടാൻ കേന്ദ്രസർക്കാർ അനുമതി നൽകുന്നില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു. സ്ഥാപനത്തെ പൊതുമേഖലയിൽ നിലനിറുത്താനാണ് സംസ്ഥാനം ഭെല്ലിന്റെ ഓഹരി വാങ്ങിയത്. കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ ഭെൽ ഏറ്റെടുക്കൽ വൈകുകയാണ്. സ്ഥാപനത്തിന് 6.65കോടി സാമ്പത്തിക സഹായം സർക്കാർ നൽകിയിട്ടുണ്ട്.

ടെക്സ്‌റ്റൈൽസ് കോർപറേഷന്റെ യൂണിറ്റായ ഉദുമ ടെക്സ്റ്റൈൽസിൽ തുണി ഉത്പാദനം തുടങ്ങാനായാൽ 100 തൊഴിലാളികൾക്കു കൂടി ജോലി നൽകാനാവും. ഇതിനാവശ്യമായ സ്ഥലം മില്ലിന്റെ കൈവശമുണ്ട്. 2002ൽ പ്രവർത്തനം നിലച്ച ആസ്ട്രൽ വാച്ച് കമ്പനിയുടെ 199 സെന്റ് ഭൂമിയിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കും. ചീമേനിയിലെ ഐ.ടി വകുപ്പിന്റെ നൂറ് ഏക്കർ ഭൂമി അഗ്രോ ഫുഡ് പാർക്കിനായി കിൻഫ്രയ്ക്ക് കൈമാറും. കശുഅണ്ടി, കല്ലുമ്മേക്കായ, കവുങ്ങ് അധിഷ്‌ഠിത വ്യവസായ യൂണിറ്റുകൾ അവിടെ തുടങ്ങും. കാസർകോട് മടിക്കൈയിൽ 100 ഏക്കറിൽ കോക്കനട്ട് പാർക്ക് ആരംഭിക്കുമെന്നും അവിടെ നാളീകേര അധിഷ്‌ഠിത വ്യവസായങ്ങൾ തുടങ്ങുമെന്നും കെ.കുഞ്ഞിരാമന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.