തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്കും മാദ്ധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്ത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും, മാദ്ധ്യമ സ്വാതന്ത്റ്യത്തിന്റെ കാര്യത്തിൽ മരുഭൂമിയിലെ പച്ചത്തുരുത്താണ് കേരളമെന്നും മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

മാദ്ധ്യമ പ്രവർത്തകർക്കും മാദ്ധ്യമ സ്ഥാപനങ്ങൾക്കും നേർക്കുള്ള അക്രമം തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പല രാഷ്ട്രങ്ങളും ഭരണഘടന രൂപപ്പെടുത്തിയപ്പോൾ മാദ്ധ്യമ സ്വാതന്ത്റ്യവും എഴുതിച്ചേർത്തു. അതു ചെയ്യാതിരുന്ന ചില രാഷ്ട്രങ്ങൾ ഭേദഗതികളിലൂടെ ഉറപ്പാക്കി. നിർഭാഗ്യവശാൽ, ഇന്ത്യയിൽ ദീർഘകാലം ഭരിച്ചവർക്കോ ഇപ്പോൾ ഭരിക്കുന്നവർക്കോ ഇത് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ഇത് മാദ്ധ്യമ സ്വാതന്ത്റ്യത്തിന് മേൽ കരിനിഴൽ വീഴ്‌ത്തിയിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരെ വിലക്കുന്ന സാഹചര്യങ്ങൾ വരെ രാജ്യത്തുണ്ടായി. ഗൗരി ലങ്കേഷും ശാന്തനു ഭൗമിക്കും ഉൾപ്പെടെ 22 മാദ്ധ്യമ പ്രവർത്തകരാണ് കഴിഞ്ഞ നാലു വർഷത്തിനിടെ കൊല്ലപ്പെട്ടത്. എന്നാൽ, മാദ്ധ്യമ സ്വാതന്ത്റ്യത്തിന് യാതൊരു നിയന്ത്റണവും കേരളത്തിലില്ല. നല്ല രീതിയിലാണ് സംസ്ഥാന സർക്കാർ ഇടപെടുന്നത്. വർഗീയ ശക്തികൾ അക്രമങ്ങൾ അഴിച്ചുവിട്ടപ്പോൾ സർക്കാർ മാദ്ധ്യമ പ്രവർത്തകർക്കൊപ്പം നിൽക്കുകയും അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

നിയമസഭയ്ക്ക്

പ്രമേയം പാസാക്കാം

മാദ്ധ്യമ സ്വാതന്ത്റ്യത്തിന് ഭരണഘടനാ പരിരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും, അത്തരത്തിലുള്ള നിയമത്തിന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് നിയമസഭയ്ക്ക് പ്രമേയം പാസാക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വെളുക്കാൻ തേച്ചത് പാണ്ടാവില്ലെന്ന് ഉറപ്പുണ്ടെങ്കിലേ ഈ ഘട്ടത്തിൽ അത്തരമൊരു ആവശ്യം ഉന്നയിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.