തിരുവനന്തപുരം: പീരുമേട് താലൂക്കിൽ പീരുമേട്, ഏലപ്പാറ വില്ലേജുകളിലെ തോട്, റോഡ് പുറമ്പോക്കുകൾ സർക്കാർ ഭൂമി എന്നിവ നിർണയിച്ച് അതിർത്തികൾ തിട്ടപ്പെടുത്തുന്നതിനായി സർവേ ടീമിനെ നിയോഗിച്ച് പട്ടയ നടപടികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുളള നടപടികൾ പുരോഗമിക്കുന്നതായി മന്ത്റി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. ഇ.എസ്.ബിജിമോളുടെ സബ്മിഷനുളള മറുപടി പറയുകയായിരുന്നു മന്ത്റി.
ഈ വില്ലേജുകളുടെ റീസർവേ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പീരുമേട് വില്ലേജിൽ ആകെയുളള 5508.75 ഹെക്ടറിൽ 3805.085 ഹെക്ടറും ഏലപ്പാറ വില്ലേജിന്റെ ആകെയുളള 7765.2605 ഹെക്ടറിൽ 1812.461 ഹെക്ടറും ഫീൽഡ് ജോലി പൂർത്തിയാക്കി. റീസർവേ റെക്കാർഡുകൾ റവന്യൂ ഭരണത്തിന് കൈമാറിയിട്ടില്ല. ഇതിനാൽ തോട്, റോഡ് എന്നിവയുടെ അതിർത്തി നിർണ്ണയം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ ഇതിനു സമീപം താമസിക്കുന്നചിലരുടെ പട്ടയ നടപടികൾ പൂർത്തിയാകാതെയുണ്ട്. എന്നാൽ മിക്ക കേസുകളിലും പഴയ ലിത്തോമാപ്പിന്റെയും മറ്റും സഹായത്താൽ അതിർത്തി തിട്ടപ്പെടുത്തി അർഹരായവർക്ക് പട്ടയം നൽകി വരുന്നുണ്ടെന്നും മന്ത്റി അറിയിച്ചു.