തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കാരണമാണ് സ്വർണത്തിൽ നിന്നുള്ള നികുതി വരുമാനം കുറയുന്നതെന്ന് ധനമന്ത്റി ഡോ. തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. സ്വർണക്കടകൾ നിരീക്ഷിക്കാൻ ജി.എസ്.ടി വകുപ്പ് സംവിധാനം ഏർപ്പെടുത്തും. സ്വർണക്കള്ളക്കടത്ത് സംഘങ്ങൾക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. ജി.എസ്.ടിയായി 3,000 കോടി കിട്ടേണ്ടതായിരുന്നു. നികുതി വകുപ്പിന്റെ അനാസ്ഥ കാരണം 300 കോടിയിൽ താഴെയാണ് ലഭിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ബിൽ എഴുതുന്നുണ്ടോ എന്നത് അടക്കം നിരീക്ഷിക്കാൻ സ്വർണക്കടകളിൽ ജി.എസ്.ടി ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചരക്കുസേവന നികുതി നിയമപ്രകാരം ഇ- വേ ബില്ലോ ഇൻവോയ്‌സോ വേണ്ടെന്നാണ് പറയുന്നത്. ഇവ ഏർപ്പെടുത്തുന്നതിന് ധാരണയിലെത്താൻ ജി.എസ്.ടി കൗൺസിൽ കേരള ധനമന്ത്റി അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കടകളിൽ സ്വർണം വിൽക്കുമ്പോൾ ക്യൂആർ കോഡ് ഉൾപ്പെടെയുള്ള ബിൽ വേണമെന്ന് ആവശ്യപ്പെടും. ജി.എസ്.ടി വകുപ്പ് 75 കടകളിൽ നടത്തിയ പരിശോധനയിൽ 125 കിലോ കള്ളക്കടത്തു സ്വർണം കണ്ടെത്തിയിരുന്നു. പല സ്ഥാപനങ്ങളും സെർവറുകൾ ദുബായിലാണ് സ്ഥാപിച്ചിട്ടുള്ളത്.
എല്ലാ നികുതിയും ഈടാക്കി വിൽപ്പന നടത്തിയാൽ പവന് 32,504 രൂപ വിലവരും. കള്ളക്കടത്തു സ്വർണത്തിന് 26,804 രൂപ മാത്രമേയുള്ളൂ. കമ്പ്യൂട്ടറുകളിലെ ബിൽ ക്രമക്കേട് തടയാൻ നികുതി വകുപ്പ് വൈകാതെ സൈബർ ഫോറൻസിക് ലാബ് സജ്ജമാക്കുമെന്നും മന്ത്റി അറിയിച്ചു.
കേരളം അധോലോകത്തിന്റെ കേന്ദ്രമായി മാറിയെന്ന് തിരിച്ചറിഞ്ഞിട്ടും പരിശോധനപോലും നടത്താൻ കഴിയാത്തതാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.