'തെങ്ങ് കൃഷിക്ക് ചിറയിൻകീഴ് മികച്ച മാതൃക" എന്ന മുൻ കൃഷി ഡയറക്ടർ ആർ. ഹേലിയുടെ കത്താണ് ഇൗ കുറിപ്പിന് പ്രേരകം.
മൂന്ന് പതിറ്റാണ്ട് മുൻപുവരെ നമ്മുടെ തീരപ്രദേശങ്ങൾ നല്ല കായ്ഫലമുളള കേരവൃക്ഷങ്ങൾകൊണ്ട് സമൃദ്ധമായിരുന്നു. കേരളത്തിന്റെ കല്പവൃക്ഷമായ തെങ്ങിന്റെ തടി മുൻപ് വീടിന്റെ മേൽക്കൂര പണിയാനും ഒാലപ്പുര മേയാനും കൊതുമ്പും ചൂട്ടും മടലും മറ്റും പാചകാവശ്യത്തിനും തെങ്ങിൻകൂമ്പ് കള്ളുചെത്താനും നാളികേരം കൊപ്ര, കയർ വ്യവസായങ്ങൾക്കും വ്യാപകമായി ഉപയോഗിച്ചിരുന്നു. അക്കാലത്ത് തീരദേശങ്ങളിലെ നല്ലൊരു ശതമാനം കുടുംബങ്ങളും നാളികേരം വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. എന്നാൽ തെങ്ങുരോഗം വ്യാപകമായതോടുകൂടി നാളികേരം വിറ്റ് ഉപജീവനം കഴിച്ചിരുന്ന പലർക്കും പാചകാവശ്യത്തിനുള്ള തേങ്ങപോലും പുറത്തുനിന്നും വൻ വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലായി. രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റി പകരം നല്ല ഗുണമേന്മയുള്ള രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിൻ തൈകൾ കാർഷിക കോളേജിൽ നിന്നുവാങ്ങി നട്ട് നല്ലവണ്ണം പരിപാലിച്ചിട്ടും രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ അതും രോഗം ബാധിച്ച് നശിച്ചുപോകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതുകൊണ്ടു തെങ്ങിൻ തൈകൾ വ്യാപകമായി നട്ടുവളർത്തിയതുകൊണ്ടായില്ല. അതിനെ രോഗബാധയിൽ നിന്നും സംരക്ഷിക്കാനുള്ള ഫലപ്രദമായ നടപടികളാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.
ആർ. പ്രകാശൻ,
ചിറയിൻകീഴ്.
അതിവേഗ കോടതികൾ
വൈകിയാൽ
അതിവേഗ കോടതികൾ ഇനിയും വൈകരുത്. - എന്ന ഒരു വായനക്കാരിയുടെ കത്ത് കേരളകൗമുദിയിൽ വായിച്ചു. അതിൽപറയുന്ന വസ്തുതകളെല്ലാം ശരിയാണ്. ക്രിമിനൽ കേസുകളുടെ കാര്യം മാത്രമേ അതിൽ പരാമർശിച്ചിട്ടുള്ളൂ. സിവിൽ കേസുകൾ ഒരായുഷ്‌കാലം കൊണ്ടുപോലും അന്തിമമായെന്നു വരികയില്ല. അതാണ് ഇന്നത്തെ സ്ഥിതി!
കുടുംബ കോടതികളിൽ വരുന്ന കേസുകളിൽ 95 ശതമാനവും യുവദമ്പതികളുടേതാണ്. അഞ്ചും പത്തും ചിലപ്പോൾ അതിലേറെയും കാലം നീണ്ടുപോയാൽ അവരുടെ ജീവിതത്തിന്റെ കാതലായ നല്ലകാലം മുഴുവൻ വ്യർത്ഥവും വേദനകൾ നിറഞ്ഞതുമാകാനേ തരമുള്ളൂ.
ഒരു നടപടിയും നിർദ്ദേശിക്കാതെയും നടത്താതെയും ദീർഘനാളുകൾക്കുശേഷം കേസ് പോസ്റ്റ് ചെയ്യുന്നതും വർഷങ്ങളോളം കേസുകൾ നീണ്ടുപോകുന്നതും മൂലം കോടതികളുടെ വിലപ്പെട്ട സമയം നഷ്ടപ്പെട്ടുപോവുന്നു. ഇങ്ങനെ കേസ് നീളുന്നതുകൊണ്ട് ആർക്കും പ്രയോജനമില്ല.
തങ്കമണി കെ,
ചാക്ക.
ഭിന്നശേഷിക്കാരോട് കരുണ കാട്ടണം
ഭിന്നശേഷിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റ സംവരണം നൽകണമെന്ന സുപ്രീം കോടതിയുടെ നേരത്തെ തന്നെയുള്ള വിധി ഇവർഷം ജനുവരിയിലും സുപ്രീംകോടതി മറ്റൊരു കേസിൽ ആവർത്തിച്ചു. എന്നിട്ടും ഭിന്നശേഷിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റ സംവരണം നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധി കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കി ഉത്തരവിറക്കുന്നില്ല.
ഒരു ഭിന്നശേഷി
ജീവനക്കാരൻ.
മുങ്ങൽ ഡോക്ടർമാരെ പിടികൂടണം
സർവീസിൽനിന്ന് മുങ്ങിയ 10 ഡോക്ടർമാരെ പിരിച്ചുവിട്ട് ഒരു സാധാരണ പത്രവാർത്ത. പക്ഷേ, ഇത് മാതിരി നൂറ് കണക്കിന് മുങ്ങൽ വിദഗ്ദ്ധർ ഇനിയും ഉണ്ട്! ഒരു ഡോക്ടറെ സൃഷ്ടിക്കാൻ ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കേണ്ടിവരുന്നത്. മുങ്ങിയവർ അക്കരെ പച്ച കണ്ട് പോയവരാണല്ലോ? അവർ കോടികൾ സമ്പാദിച്ചുകഴിഞ്ഞു. പിരിച്ചുവിട്ടതുകൊണ്ട് ഇനിയും ധനമാർജ്ജിക്കാൻ സർവ സ്വാതന്ത്ര്യവും കിട്ടിക്കഴിഞ്ഞു. ആ നിലയ്ക്ക് പ്രത്യേക നിയമനിർമ്മാണം നടത്തിയാണെങ്കിലും ഇൗ ജനസേവകർക്കുവേണ്ടി സർക്കാർ ഖജനാവിൽ നിന്ന് മുടക്കിയ മുഴുവൻ തുകയും പലിശയും ഉൾപ്പെടെ നിർബന്ധമായും വസൂലാക്കുകതന്നെ വേണം.
വൈക്കം ഉദയരാജൻ.
ഇതെന്ത് പൊലീസ്
ഡൽഹിയിൽ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധിപേർക്ക് വിലയേറിയ ജീവൻ നഷ്ടപ്പെടുകയും സ്വത്ത് വകകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തു. പരിക്കേറ്റവരിൽ പലരും മരണത്തോട് മല്ലടിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. രാജ്യതലസ്ഥാനത്ത് നടന്ന കലാപം അമർച്ച ചെയ്യുന്നതിന് ഭരണകൂടവും പൊലീസും ശക്തമായ നടപടി സ്വീകരിച്ചുകാണാതിരുന്നത്, അക്രമങ്ങൾ വ്യാപിക്കാനും കൂടുതൽ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കുമിടയാക്കി. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്നതാണ് പൊലീസിന്റെ പരമപ്രധാന കർത്തവ്യം. ആ കർത്തവ്യം നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ പൊലീസിൽനിന്നും എന്ത് നീതിയാണ് ജനങ്ങൾക്ക് ഉണ്ടാവുക.
എം. സുരേഷ്,
തോട്ടം.