chala-

തിരുവനന്തപുരം: ചാലയിൽ ഒരുമാസത്തിനകം 12 ഫയർ ഹൈഡ്രന്റ് സ്ഥാപിക്കുന്നതിനും പി.ഡബ്ല്യു.ഡി റോഡ് കട്ടിംഗിന് വിധേയമായി ബാക്കി 5 എണ്ണം സ്ഥാപിക്കുന്നതിനും മേയർ കെ. ശ്രീകുമാർ നിർദ്ദേശം നൽകി.

ചാലയിൽ സ്ഥാപിക്കുന്ന ഫയർ ഹൈഡ്രന്റ് പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് നിർദ്ദേശമുണ്ടായത്. 44 ഫയർ ഹൈഡ്രന്റുകളാണ് ചാലയുടെ വിവിധ ഭാഗങ്ങളിൽ കേരള വാട്ടർ അതോറിട്ടി മുഖേന സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 17 എണ്ണം സ്ഥാപിക്കുന്നതിന് 13.65 ലക്ഷം രൂപ വാട്ടർ അതോറിട്ടിയിൽ ഡെപ്പോസ്റ്റ് ചെയ്തു. പ്രസ്തുത വർക്കുകൾ ടെൻഡർ ചെയ്തതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

രണ്ടാം ഘട്ടത്തിൽ 27 എണ്ണത്തിന്റെ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നൽകുന്നതിന്‌ മേയർ കെ. ശ്രീകുമാർ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

യോഗത്തിൽ നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ, സൂപ്രണ്ടിംഗ് എൻജിനിയർ എ. മുഹമ്മദ് അഷ്റഫ്, എക്സിക്യുട്ടീവ് എൻജിനിയർ കെ. ഉണ്ണി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, വാട്ടർ അതോറിട്ടി ജയരാജ്.എസ്.എൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ലിജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.