വെഞ്ഞാറമൂട്: അച്ഛന്റെ ക്രൂരതയിൽ അമ്മയെ നഷ്ടമായപ്പോൾ അരവിന്ദും അനന്ദുവും തനിച്ചായി. കഴിഞ്ഞ ദിവസമാണ് പുല്ലമ്പാറ മരുതുംമൂട് വാലിക്കുന്ന് കോളനിയിൽ സിനിയുടെ മൃതദേഹം ( 32) നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ കക്കൂസ് കുഴിയിൽ മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയത്. സിനിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കുട്ടൻ ഒളിവിലാണ്. വീട്ടുചെലവിന് പൈസ കൊടുക്കാത്ത കുട്ടൻ മക്കളെയും ക്രൂരമായി മർദ്ധിച്ചിരുന്നു. കാട്ടിൽ നിന്നും വിറകുശേഖരിച്ചാണ് സിനി വീട്ടുചെലവ് നോക്കിയിരുന്നത്. മൂന്ന് വർഷം മുമ്പ് മാതാപിതാക്കൾ വഴക്കിടുന്നതിനിടെ അനന്ദുവിന്റെ ചെവിയിൽ കുട്ടൻ കല്ല് കൊണ്ട് അടിച്ചിരുന്നു. ഇതിനുശേഷമാണ് അനന്ദുവിന്റെ കേൾവിക്കും സംസാരശേഷിക്കും തകരാറുണ്ടായതെന്നാണ് ബന്ധുക്കൾ പറയുന്നു. അമ്മ കൊല്ലപ്പെട്ടെന്ന് അറിയാതെയാണ് ഒമ്പതാം ക്ലാസുകാരൻ അരവിന്ദ് കഴിഞ്ഞദിവസം വാർഷിക പരീക്ഷ എഴുതാൻ സ്‌കൂളിലേക്ക് പോയത്. ശനിയാഴ്ച രാത്രി കുട്ടൻ സിനിയെ മർദ്ദിക്കുന്നത് അരവിന്ദ് തടയാൻ ശ്രമിച്ചങ്കിലും ഇയാൾ മക്കളെ വിരട്ടിയോടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കർണാടകത്തിലേക്ക് പോകുന്നതായി കുട്ടൻ പറഞ്ഞതിൽ സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കക്കൂസിനെടുത്ത കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം സിനിയുടെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ക്രിമിനൽ സ്വഭാവമുള്ള കുട്ടൻ സിനിയെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ 10 വർഷം മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ സിനിക്കൊപ്പം അനുനയത്തിൽ തുടരുകയായിരുന്നു. അയൽക്കാരോടും ക്രൂരമായാണ് കുട്ടൻ പെരുമാറിയിരുന്നത്. തർക്കത്തിനിടെ കുട്ടന്റെ ദേഹത്ത് സമീപവാസി ആസിഡ് ഒഴിച്ച സംഭവമുണ്ടായിട്ടുണ്ട്. ഇതിനുശേഷം അയൽവാസി സ്ഥലംവിടുകയായിരുന്നു. കൊല ചെയ്യാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചുറ്റിക പൊലീസ് കണ്ടെത്തി. കുട്ടന് വേണ്ടിയുള്ള തെരച്ചിൽ വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.