തിരുവനന്തപുരം: കൈതമുക്ക് പാസ്‌പോർട്ട് ഓഫീസിന് സമീപം ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ 12 വർഷമായി ഒളിവിലായിരുന്ന പതിന്നാലാം പ്രതി അനി (ആസാം അനി - 53) പൊലീസിന്റെ പിടിയിലായി. ശംഖുംമുഖം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മണികണ്ഠേശ്വരത്തെ വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. വേഷം മാറി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു അനി. വിഷ്‌ണു വധക്കേസിൽ ആകെ 16 പ്രതികളാണുള്ളത്. ആസാം അനി ഒഴികെ എല്ലാവരെയും നേരത്തെ അറസ്റ്റുചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ആസാം അനിയെ 2016ൽ വിചാരണക്കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേസിൽ ആസാം അനി ഒഴികെയുള്ള ഒന്ന് മുതൽ 15 വരെ പ്രതികൾക്ക് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. പ്രതികളെല്ലാം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. കേസിലെ പതിനാറാം പ്രതിയെ കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. വിഷ്‌ണുവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ആസാം അനിയെ ദീർഘ നാളായി പൊലീസ് തെരയുകയായിരുന്നു. മണികണ്ഠേശ്വരം പോസ്റ്റോഫീസിനു സമീപത്തുള്ള വീട്ടിൽ നിന്നുമാണ് ഇന്നലെ പുലർച്ചെ പ്രതിയെ പിടികൂടിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ശംഖുംമുഖം അസി. കമ്മിഷണർ ഐശ്വര്യ ദോംഗ്രെയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഹരിലാൽ, ശ്രീജു, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ അലേഷ്‌കുമാർ, അരുൺ, അപ്പുരാജ്, ബിജു, ജെയേഷ്, രാജേഷ് എന്നിവരടങ്ങിയ സംഘം ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്.