riders
പാതിരാനടത്തം കഴിഞ്ഞ് മാനവീയം വീഥിയിൽ എത്തിയ ഷൈനിയും ലിജയും വിനീതയും സെൽഫിയെടുക്കുന്നു

തിരുവനന്തപുരം: പാതിരാത്രി നഗരത്തിലെ വ്യത്യസ്ത പാതകളിലൂടെ തനിച്ചുനടന്ന് നഗരം സുരക്ഷിതമെന്ന് ആത്മവിശ്വാസത്തോടെ വിളിച്ചുപറഞ്ഞ് മൂന്ന് പെണ്ണുങ്ങൾ. രാത്രി 12ന് നഗരത്തിലെ മൂന്നിടങ്ങളിൽനിന്ന് നടന്നുതുടങ്ങി നേരത്തെ തീരുമാനിച്ച പോയിന്റിൽ സുരക്ഷിതമായി എത്തിച്ചേർന്നാണ് നഗരത്തിലെ രാത്രിയാത്ര സുരക്ഷിതമെന്ന് ഇവർ മറ്റു സ്ത്രീകൾക്ക് ധൈര്യം പകരുന്നത്. സാമൂഹ്യപ്രവർത്തക ലിജ ശ്രീധർ, റൈഡർ ഷൈനി രാജ്കുമാർ, നടി വിനീത ദീപക് എന്നിവരാണ് മാതൃകയായ രാത്രിനടത്തത്തിന് ഇറങ്ങിയത്.

ജൂനിയർ ചേംബർ ഇന്റർനാഷണൽ ട്രിവാൻഡ്രം സ്മാർട്ട് സിറ്റിയുടെ 'വാക്ക് എലോൺ മിഡ്‌നൈറ്റ്' എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു രാത്രിനടത്തം. രാത്രിസഞ്ചാരം അറിയാനും ഒറ്റയ്ക്കുള്ള നടത്തം സുരക്ഷിതമെന്നു തെളിയിക്കാനും കൂടുതൽ സ്ത്രീകളെ നടത്തത്തിനു പ്രേരണ നൽകാനുമുള്ള ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ ആലോചനയിൽനിന്നാണ് രാത്രിനടത്തമെന്ന ആശയം രൂപപ്പെട്ടത്.
ലിജ പേരൂർക്കടയിൽനിന്നും ഷൈനി തമ്പാനൂരിൽനിന്നും വിനീത പട്ടത്തുനിന്നുമായിരുന്നു നടത്തം തുടങ്ങിയത്. ലക്ഷ്യം മാനവീയം വീഥി. പരിപാടിക്കുമുമ്പ് പൊലീസിനെ അറിയിക്കാതെയും മറ്റു പ്രചാരണങ്ങൾ നൽകാതെയുമായിരുന്നു നടത്തം. നടത്തം തുടങ്ങിയശേഷം മൂന്നുപേരും ഫേസ്ബുക്ക് ലൈവിൽ വന്നു.
പേരൂർക്കടയിൽ നിന്നു അമ്പലമുക്ക്, കവടിയാർ, വെള്ളയമ്പലം വഴി നടന്ന ലിജയ്ക്ക് യാത്രയിൽ ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല. പാതയിൽ ഉടനീളം വെളിച്ചവുമുണ്ടായിരുന്നു.
തമ്പാനൂരിൽ നിന്നു നടന്നുതുടങ്ങിയ ഷൈനിക്കാകട്ടെ ലിജയുടെയത്ര സുഗമമായില്ല യാത്ര. തൈക്കാട് -മേട്ടൂക്കട-വഴുതക്കാട് പാതയിൽ മിക്കയിടത്തും വഴിവിളക്കുകളുണ്ടായിരുന്നില്ല. തമ്പാനൂരിലും തൈക്കാട്ടും വഴുതക്കാട്ടും വച്ച് ബൈക്ക് യാത്രികർ ഹോണടിച്ചു ശല്യംചെയ്യുകയും ചൂളമടിക്കുകയും സമീപത്തുകൂടെ വണ്ടി റൗണ്ടടിക്കുകയും ചെയ്തു. എന്നാൽ ഫോണിൽ ലൈവ് കണ്ടതോടെ ഉടനടി പിന്മാറുകയും ചെയ്തു.
പട്ടത്തുനിന്നു നടത്തംതുടങ്ങിയ വിനീതയ്ക്ക് ശല്യം തെരുവുപട്ടികളായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ചാണ് പട്ടികൾ പിറകെ കുരച്ചുചാടിയത്. നന്നായി പേടിച്ചെങ്കിലും കുറച്ചുനേരം ഒരേ നില്പുനിന്ന് വീണ്ടും നടന്നു തുടങ്ങിയപ്പോൾ പട്ടികൾ തിരികെപ്പോയി. പ്ലാമൂട് മുതൽ പി.എം.ജി വരെ തെരുവുവിളക്കുകൾ ഇല്ലാത്തതും ബുദ്ധിമുട്ടായി.
പന്ത്രണ്ടേമുക്കാലോടെ വിനീതയാണ് മാനവീയം വീഥിയിൽ ആദ്യം നടന്നെത്തിയത്. പിറകെ ഷൈനിയും ലിജയുമെത്തി. സുരക്ഷിതരായി എത്തിയതോടെ മൂവരുടെയും മുഖത്ത് സന്തോഷവും ആത്മവിശ്വാസവും.
പൊലീസ് പട്രോളിംഗ് നഗരത്തിൽ എല്ലായിടത്തും കാര്യക്ഷമമായിരുന്നുവെന്നത് നടത്തത്തിന് ധൈര്യം പകർന്നതായി മൂവരും പറഞ്ഞു. ഇതിനൊപ്പം എല്ലായിടത്തും തെരുവുവിളക്കുകൾ കത്തുന്നത് ഉറപ്പുവരുത്തുകയും കാമറകൾ പ്രവർത്തിപ്പിക്കുകയും ചെയ്താൽ സ്ത്രീകൾക്ക് കൂടുതൽ ധൈര്യം പകരുമെന്നും അടുത്തഘട്ടം കൂടുതൽ പേർ നടക്കാനിറങ്ങുമെന്നും പ്രധാന വഴി ഒഴിവാക്കി ഇടറോഡുകളിലൂടെ നടക്കുമെന്നും ഇവർ പറഞ്ഞു.