അമ്പോ കാണ്ടാമൃഗത്തിന്റെ തൊലിയാണ്. ആലങ്കാരികമായിട്ടാണെങ്കിലും ചിലരെപ്പറ്റി പറയാറുണ്ടല്ലോ. മോശം അർത്ഥം വരുന്നിടത്തെല്ലാം ഈ പേര് വലിച്ചിഴയ്ക്കപ്പെടുന്നുണ്ടെങ്കിലും വാസ്തവത്തിൽ സാധുജീവികളാണിവ. കാണ്ടാമൃഗം അഥവാ റെയ്നോയുടെ ഇന്ത്യയിലെ തറവാടാണ് കാസിരംഗ നാഷണൽ പാർക്ക്.
അസമിന്റെ തലസ്ഥാനമായ ഗോഹട്ടിയിൽ നിന്ന് ടാക്സിയിൽ റെയ്നോയെത്തേടി പുറപ്പെട്ടു. ആകാംക്ഷയുടെ തുരുത്തുകൾ നിറഞ്ഞ യാത്ര. മുളങ്കാടുകൾ പച്ചവിരിച്ച വീഥിയിലൂടെയുള്ള യാത്ര. അതാ അകലെ തെളിയുന്നു, കാസിരംഗ നാഷണൽ പാർക്ക്. ഇന്ത്യയ്ക്ക് അഭിമാനമായ പാർക്കിന് മുന്നിൽ പട്ടാള ക്യാമ്പ്. മൺചാക്കുകൾക്ക് മറവിൽ തോക്കുധാരികൾ കാവൽ നിൽക്കുന്ന ക്യാമ്പിലും മുളയുടെ മേളം. ക്യാമ്പിലിരിക്കുമ്പോൾ റെയ്നോയുടെ പ്രത്യേകതകളെപ്പറ്റി ഒരു ആർമി ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ത്രില്ലടിപ്പിക്കുന്ന വിവരണം. ആകാംക്ഷ ജീവൻവച്ച് പറന്നു തുടങ്ങി. 430 കിലോമീറ്റർ നീളുന്ന കാട്. അതിനുള്ളിലാണ് റെയ്നോയുടെ പാർപ്പ്. പച്ചപ്പുല്ലുകൾ നിറഞ്ഞ കാട്ടിൽ ആനകളും കടുവകളും പോത്തുകളും വിവിധയിനം പക്ഷികളുമുണ്ട്. കാസിരംഗയിൽ 2200 കാണ്ടാമൃഗങ്ങളുണ്ടെന്നാണ് കണക്ക്. അതായത് ലോകത്തുള്ള റെയ്നോകളുടെ മൂന്നിൽ രണ്ടും കാസിരംഗയിലാണ്.
മേരി വന്നു, പക്ഷേ, കണ്ടില്ല
കർസൺ പ്രഭുവിൻെറ ഭാര്യ മേരി കർസൺ ഒരിക്കൽ റെയ്നോയെ തേടിയെത്തി. കാട് മുഴുവൻ ചുറ്റി നടന്നിട്ടും ഒരു റെയ്നോ പോലും കണ്ണിൽപ്പെട്ടില്ല. കൊതിച്ചെത്തിയ മേരിക്ക് സങ്കടമായി. എവിടെ റെയ്നോയെന്ന് ചോദിച്ച് മേരി നടന്നു. കാവലാളുകൾ കാട്ടിൽ പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 430 ഏക്കർ പരന്നു കിടക്കുന്ന ഉൾവനത്തിൽ റെയ്നോയെ കണ്ടെത്തുക എളുപ്പമല്ല. 112 വർഷങ്ങൾക്കപ്പുറം മേരി നടത്തിയ ആ യാത്രയാണ് റെയ്നോയുടെ ജീവിതത്തിന് വഴിത്തിരിവായത്. മടങ്ങിയെത്തിയ മേരി ഭർത്താവ് കർസനോട് റെയ്നോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു. പ്രിയതമയുടെ വാക്കുകൾക്ക് കർസൺ സ്നേഹപ്പച്ച പകർന്നപ്പോൾ റെയ്നോകൾക്ക് സംരക്ഷണത്തിന്റെ പുൽത്തകിടികളൊരുങ്ങി. 1905 ൽ 232 ചതുരശ്ര കിലോമീറ്റർ നീളത്തിൽ കാസിരംഗ നാഷണൽ പാർക്ക് രൂപമെടുത്തു.
കടുവ സങ്കേതം
കടുവകൾക്കും താവളമാണ് കാസിരംഗ. അവയുടെ എണ്ണം പെരുകിയപ്പോൾ 2006 ൽ കാസിരംഗയെ കടുവ സംരക്ഷണ വനമേഖലയായിക്കൂടി പ്രഖ്യാപിച്ചു. കാസിരംഗ പാർക്കിന്റെ മറുവശത്താണ് കടുവ സങ്കേതം. അതുകൊണ്ട് റെയ്നോയും കടുവകളും തമ്മിൽ കൂടിക്കാഴ്ചകളില്ല. ഇവയെ ഒരുമിച്ച് സഞ്ചാരികൾക്കും കാണാനാവില്ല. കടുവ വനത്തിൽ ഇരുമ്പ് വേലികൾക്കിപ്പുറത്ത് നിന്നാൽ ചിലപ്പോൾ കടുവകളെ കാണാം. ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു നിറുത്തിയപ്പോൾ കാടിനുള്ളിലേക്ക് കടക്കാൻ തുറന്ന ജീപ്പ് തയ്യാറായി.
യാത്ര ജീപ്പിൽ
കാടിനുള്ളിലേക്ക് യാത്ര നടത്താൻ ജീപ്പുകൾ നിരവധിയുണ്ട്. മണിക്കൂറുകൾ നീളുന്ന യാത്രയ്ക്ക് ജീപ്പുകൾക്ക് നിശ്ചിത തുക ഈടാക്കും. കാസിരംഗ പാർക്കിന്റെ കവാടത്തിൽ യാത്രക്കാരുടെ തിരക്കാണ്. നമ്മുടെ യാത്ര പട്ടാളക്യാമ്പിനുള്ളിൽ നിന്ന് തുടങ്ങുകയാണ്. കാസിരംഗയുടെ കവാടം കയറി ജീപ്പ് മുന്നോട്ട് നീങ്ങി. ഇരുവശത്തും കാട്. മദ്ധ്യത്തിലൂടെ മൺപാത. റോഡ് നിരപ്പല്ലാത്തതിനാൽ ആടിയും ഉലഞ്ഞുമാണ് യാത്ര. ജീപ്പ് അങ്ങനെ നീങ്ങുമ്പോൾ അതാ നിൽക്കുന്നു ഒരാന. കാട്ടാനയെ കണ്ട് മുന്നേറുമ്പോൾ അങ്ങകലെ കാട്ടിൽ എന്തോ ഇളകുന്നതുപോലെ പക്ഷേ, ഒന്നും കാണുന്നില്ല. ഇടയ്ക്കിടയ്ക്ക് അരുവികളും ചെറിയ കുളങ്ങളും. ചിലയിടത്ത് ചതുപ്പുകൾ. കണ്ണ് റെയ്നോയെ തിരയുകയാണ്. അവിടുന്നൊരു കുരങ്ങൻ മരച്ചില്ലയിലേക്ക് ചാടി. മറ്റൊരു കുരങ്ങൻ കൂടെച്ചാടി. കാടിനെ ഇളക്കിക്കൊണ്ട് സുന്ദരിക്കിളികൾ പറക്കുന്നു, ചില്ലകൾ തേടുന്നു. ജീപ്പ് വീണ്ടും മുന്നോട്ട്. യാത്ര തുടങ്ങിയിട്ട് ഇരുപത് മിനിട്ട് പിന്നിട്ടിരിക്കുന്നു. ഒരു റെയ്നോയെപ്പോലും കാണുന്നില്ല. മേരി കർസന്റെ അവസ്ഥയാകുമോ എന്നൊരു തോന്നൽ. ചിന്തിച്ചു തീരും മുൻപേ അകലെയല്ലാതെ ഒരു കാടിളക്കം. റെയ്നോ ! ആകാംക്ഷയ്ക്ക് സഫലമുഖം. സൂര്യൻ കത്തിനിൽക്കുകയാണ്. അതിന്റെ തിളക്കത്തിൽ റെയ്നോയും തിളങ്ങി. ജീപ്പ് നിന്നു. തുറന്ന ജീപ്പിൽ എഴുന്നേറ്റ് നിന്ന് റെയ്നോയെ കാണുകയാണ്. കാട് മറയായതോടെ ജീപ്പ് വീണ്ടും മുന്നോട്ടു നീങ്ങി. അതാ ഇപ്പുറത്തെ വശത്ത് കുറച്ചകലെ ചതിപ്പും വെള്ളവും നിറഞ്ഞ സ്ഥലത്ത് റെയ്നോകളുടെ കൂട്ടം. എണ്ണിയിട്ട് തെറ്റുന്നു. കണ്ടിരിക്കാൻ രസമുണ്ട്. അടുത്തു കാണാൻ മോഹം തോന്നി. ഭീകരരൂപം. ശരീരത്തിലെ മാംസം നിറഞ്ഞുതുള്ളുകയാണ്. അതിന് കവചമൊരുക്കുന്നു തൊലിക്കട്ടി. ആടിയിളകിയാണ് നടത്തം.
ഭീമൻ വെജ്ജാണ്
ഭീമാകാരനാണെങ്കിലും ആള് തനി വെജിറ്റേറിയനാണ്. കാടിന്റെ ഒരു വശം കറങ്ങിയെത്തുമ്പോൾ അസം വനംവകുപ്പിന്റെ ചെറിയ ഓഫീസ്. ഓഫീസ് സൂക്ഷിപ്പുകാരനായി ഒരു ഗാർഡ്. അതിനു മുന്നിൽ ചെറിയൊരു ഇടവേളയിൽ നിൽക്കുമ്പോൾ സഞ്ചാരികളുടെ എണ്ണത്തിന് കനംവയ്ക്കുകയാണ്. അതിൽ വിദേശികളുണ്ട്, ഭാരതീയരുണ്ട്. എല്ലാവരും സെൽഫിക്ക് പോസ് ചെയ്യുന്നു.
ജീപ്പ് തിരികെ മടങ്ങുകയാണ്. നിരവധി റെയ്നോകളെ കണ്ടുകഴിഞ്ഞു. ജീപ്പ് ഒരു വളവ് തിരിഞ്ഞതും ഒരു ഭീമൻ റെയ്നോ കാട്ടിൽ നിന്ന് റോഡിലേക്കിറങ്ങി വരികയാണ്. ജീപ്പിന്റെ തൊട്ടുപിന്നിൽ റെയ്നോ. ജീപ്പിൽ നിന്ന് ഇറങ്ങരുതെന്ന് ഡ്രൈവർ. റെയ്നോയുടെ മനസ് അറിയാനാവില്ല. ചിലപ്പോൾ കോപം കൊണ്ട് തുള്ളും. പിന്നെ കുത്തി മലർത്തും. അങ്ങനെയൊരു കഥ ഓർമ്മിപ്പിച്ചു. പക്ഷേ, റെയ്നോ ഫോട്ടോയ്ക്ക് പോസ് ചെയ്യും പോലെ നിന്നു. അതുംകണ്ട് ജീപ്പ് മുന്നോട്ട് പോകുമ്പോൾ ഒരു ആനയും അതിന്റെ കുട്ടിയും രണ്ടാളും റോഡിലൂടെ നടന്നുവരികയാണ്.
ആനപ്പുറത്ത്
അടുത്ത പ്രഭാതം പുലർന്നു. വീണ്ടും യാത്ര തിരിക്കുകയാണ്. ആന സവാരിക്കായി. ആനപ്പുറത്തിരുന്ന് കാട്ടിന്റെ ഉള്ളുതേടി . മരങ്ങൾക്കിടയിലൂടെ ആനകൾ പോയ വഴികളിലൂടെ സവാരി നീളുകയാണ്. സവാരിക്കായി അനവധി ആനകൾ. ആനപ്പുറത്തിരിക്കുമ്പോൾ ആരെ പേടിക്കാനെന്ന് പറയുംപോലെ. താഴെ റെയ്നോകളുടെ കൂട്ടം. അതിനടത്തുകൂടി സവാരി നീളുമ്പോൾ മറ്റൊരു ചന്തമായി . റെയ്നോകൾ ശാന്തമായി നടക്കുകയാണ്. ഇന്ത്യയിൽ അസമിലെ കാസിരംഗയിൽ മാത്രം കാണുന്ന അപൂർവ ഭംഗിയോടെ.
പാവം കാണ്ടാമൃഗങ്ങൾ
കാസിരംഗ പാർക്ക് എല്ലാവർഷവും മേയ് ഒന്നു മുതൽ ഒക്ടോബർ 31 വരെ അടച്ചിടും. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സന്ദർശനത്തിന് മികച്ച മാസങ്ങൾ. വലിയ ചൂടും കാണില്ല, ആകാശം മേഘാവൃതമായിരിക്കും. പുല്ലുകൾ തേടി റെയ്നോകൾ എത്തുന്നതോടെ മനോഹരമായി നല്ല വെളിച്ചത്തിൽ അവയെ കാണാനാകും. ഏപ്രിൽ, മേയ് മാസങ്ങൾ വരണ്ട കാലാവസ്ഥയായിരിക്കും. അന്ന് റെയ്നോകൾ കുളത്തിനുള്ളിലായിരിക്കും. അന്ന് കാണാൻ പ്രയാസമാണ്.
ജൂൺ മുതൽ സെപ്തംബർ വരെ കടുത്ത മഴ സീസണാണ്. 2220 മില്ലി മീറ്റർ മഴ വരെ ഇവിടെ പെയ്യാറുണ്ട്. വെള്ളപ്പൊക്കത്തിൽ അനവധി റെയ്നോകൾ ചത്തിട്ടുണ്ട്. അതിനാൽ ഈ മാസങ്ങളിൽ റെയ്നോകളെ കാസിരംഗയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിക്കുകയാണ് പതിവ്. മാറ്റി പാർപ്പിക്കലും വെല്ലുവിളിയാണ്. മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടയിലും വെള്ളപ്പൊക്കത്തിലുമാണ് റെയ്നോകളിലധികവും ചത്തുപോകുന്നത്. മാറ്റിപ്പാർപ്പിക്കുന്ന റെയ്നോകളെ തിരിച്ചുകൊണ്ടുവരുന്നത് ഒക്ടോബർ അവസാനത്തോടെയാണ്.
നൂറുകണക്കിന് റെയ്നോകളാണ് വെള്ളപ്പൊക്കത്തിൽ ചത്തിട്ടുള്ളത്. മഴക്കാലം റെയ്നോകൾക്ക് ദുരിതകാലമാണ്. അന്ന് അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഒരിക്കൽ മാറ്റാതിരുന്നപ്പോഴാണ് വെള്ളപ്പൊക്കം ചതിച്ചതും റെയ്നോകൾ കൂട്ടത്തോടെ ചത്തതും. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയാണ് വെള്ളം കയറുന്നത്. അതുകാെണ്ടാണ് മേയ് മുതൽ ഒക്ടോബർ വരെ അടച്ചിടുന്നത്. നേരത്തെ മൂവായിരത്തിലധികം റെയ്നോകളാണുണ്ടായിരുന്നത് അതാണ് 2200 ൽ എത്തി നിൽക്കുന്നത്.