തിരുവനന്തപുരം: നികുതി പിരിക്കാനും നികുതി വെട്ടിപ്പു തടയാനും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. സ്വർണ വ്യാപാരത്തിൽനിന്ന് 6000 കോടി രൂപയുടെ നികുതി വരുമാനം ലഭിക്കേണ്ട സ്ഥാനത്ത് 387 കോടി മാത്രമാണ് ലഭിച്ചത്. ഇത്രയേറെ നികുതി നഷ്ടമുണ്ടായിട്ടും ധനമന്ത്റി അതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ധനകാര്യ, ചരക്ക് സേവന നികുതി വകുപ്പുകൾ നിഷ്‌ക്രിയമാണ്. ടാക്സ് ഇന്റലിജൻസ് വിഭാഗം കേരളത്തിൽ തകർന്ന് തരിപ്പണമായിരിക്കുകയാണ്. ഈ കളളക്കച്ചവടത്തിന് അവർ കൂട്ടുനിൽക്കുകയാണോ എന്നുപോലും സംശയിക്കണം. ഔദ്യോഗിക കണക്കനുസരിച്ച് 40,000 കോടി രൂപയുടെ സ്വർണ്ണ വ്യാപാരമാണ് കേരളത്തിൽ നടക്കുന്നത്. അനധികൃതമായി 2 ലക്ഷം കോടി രൂപയുടെ സ്വർണ്ണ വ്യാപാരം നടക്കുന്നുണ്ടെന്ന് സ്വർണ്ണ വ്യാപാര സംഘടനകളുടെ കൂട്ടായ്മയായ കേരള ജുവലേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി പറയുന്നു. അതുകൂടി നികുതി നെറ്റ്വർക്കിലേയ്ക്ക് കൊണ്ടുവന്നാൽ കുറഞ്ഞത് 6,000 കോടി രൂപയുടെ നികുതി വരുമാനം ലഭിക്കേണ്ടതാണ്- ചെന്നിത്തല പറഞ്ഞു.