തിരുവനന്തപുരം : തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീര ഉല്പാദക യൂണിയൻ പൊതുയോഗം നിയമവിരുദ്ധമാണെന്ന് സഹകരണ വേദി സംസ്ഥാന സെക്രട്ടറി എൻ.ഭാസുരാംഗൻ ആരോപിച്ചു. പൊതുയോഗത്തിനെത്തിയ ബഹുഭൂരിപക്ഷം പ്രതിനിധികളുടെയും പ്രതിഷേധത്തെ തുടർന്നാണ് തീരുമാനമെടുക്കാനാകാതെ യോഗം പിരിഞ്ഞത്. മേഖലാ യൂണിയൻ പൊതുയോഗത്തിൽ അവതരിപ്പിച്ച ബൈല ഭേദഗതിക്ക് ആധാരമായ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് മേഖലാ യൂണിയൻ ഭരണസമിതി ഹൈക്കോടതിയിൽ ഫയൽ ചെയ്ത മൂന്ന് കേസുകൾ നിലനിൽക്കുന്നുണ്ട്. പൊതു യോഗം വിളിച്ച് ചേർക്കുമ്പോൾ പാലിക്കേണ്ട സഹകരണ നിയമം പാലിച്ചിട്ടില്ലെന്നും സഹകരണവേദി ആരോപിച്ചു. ക്രമവിരുദ്ധ നടപടികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വി.എസ്.ശ്രീകാന്ത്(മണപ്പുറം സംഘം പ്രസിഡന്റ്),കെ.ശാന്തകുമാർ(മുതുകുളം സംഘം പ്രസിഡന്റ്),കെ.എസ്.മധുസൂദനൻനായർ (തിരുവല്ലം സംഘം പ്രസിഡന്റ്), പ്രശാന്ത് (പെരുങ്കുഴി സംഘം പ്രസിഡന്റ്),മോഹനൻപിള്ള (കൊട്ടാരക്കര സംഘം പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തിൽ മേഖലയിലെ സംഘം പ്രസിഡന്റുമാർ ഒപ്പിട്ട നിവേദനം ക്ഷീരവികസന വകുപ്പ് ഡയറക്ടർക്ക് നൽകി.