vs-sivakumar

തിരുവനന്തപുരം: ദീർഘദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തണമെന്നും രണ്ട് ഡ്രൈവർമാരെ ഡ്യൂട്ടിക്ക് അയയ്ക്കണമെന്നും വി.എസ്.ശിവകുമാർ എം.എൽ.എ പറഞ്ഞു. 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലെ ഗതാഗതം, മത്സ്യബന്ധനം, വാഹനനികുതി എന്നീ ധനാഭ്യർത്ഥനകളെ സംബന്ധിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിയിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കണം. യു.ഡി.എഫ് സർക്കാരിന്റെ കാലത്തേതിനെക്കാൾ ഇരട്ടിയാണ് കെ.എസ്.ആർ.ടി.സിയുടെ നഷ്ടം.
കേരളത്തിൽ 350 കിലോമീറ്റർ ദൂരം അതിരൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്നു. സംസ്ഥാനത്തെ തീരദേശ മേഖലയുടെ സംരക്ഷണത്തിനായി കേന്ദ്രസഹായം ഉറപ്പാക്കി കിഫ്ബി മുഖേനയോ, മറ്റു സ്രോതസുകളോ കണ്ടെത്തി കടലാക്രമണ ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ സമഗ്രമായ തീരദേശ സംരക്ഷണ പദ്ധതി തയ്യാറാക്കണം.
മത്സ്യത്തൊഴിലാളികൾക്ക് വസ്തു വാങ്ങി വീട് നിർമ്മിച്ചു നൽകുന്നതിന് 10 ലക്ഷം രൂപ മാത്രമാണ് അനുവദിക്കുന്നത്. നഗരത്തിൽ ഈ തുക കൂട്ടണം. ഓഖി ദുരന്തത്തിൽ മത്സ്യഫെഡ് ഇൻഷ്വറൻസ് തുകയായ 10 ലക്ഷം ഇതുവരെ നൽകിയിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു.