vld-1

വെള്ളറട: ആറുമാസത്തെ വേതനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ സ്‌കൂൾ അദ്ധ്യാപികയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. അമ്പൂരി ആദിവാസി സെറ്റിൽമെന്റ് തൊടുമല വാർഡിലെ കുന്നത്തുമല അഗസ്‌ത്യ ഏക അദ്ധ്യാപക സ്‌കൂളിലെ ഉഷയാണ് വേതനം അനുവദിക്കണമെന്നും സ്ഥിരനിയമനം നൽകണമെന്നും ആവശ്യപ്പെട്ട് 28 മുതൽ വിദ്യാലയത്തിന് മുന്നിൽ സമരം ആരംഭിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞദിവസം നെയ്യാർ ഡാം എസ്.ഐ സജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇവരെ അറസ്റ്റുചെയ്‌ത് വെള്ളറട സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 20 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് ഇവർ. ഒന്നു മുതൽ നാലുവരെ ക്ളാസുകളിലെ 15 കുട്ടികളാണ് ഈ ഏക അദ്ധ്യാപക സ്‌കൂളിൽ പഠിക്കുന്നത്. പാറശാല എ.ഇയുടെ കീഴിലുള്ള സ്‌കൂളിലേക്ക് നെയ്യാർ റിസർവോയറിലെ കടത്തുവള്ളത്തിൽ യാത്ര ചെയ്‌താണ് അദ്ധ്യാപിക എത്തുന്നത്.